വിഷൻ 2031 കാർഷിക സെമിനാറിൽ കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. നവീനം, സുസ്ഥിരം, സ്വയംപര്യാപ്ത കാർഷിക കേരളത്തിനായുള്ള നയരേഖയിലാണ് ഈ പ്രഖ്യാപനം.
കേരളത്തിന്റെ കാർഷിക രംഗത്ത് 10, 000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ്, വന്യമൃഗ ശല്യത്തിന് നബാർഡ് സഹകരണത്തോടെ ആയിരം കോടി രൂപയുടെ പത്തു വർഷ പദ്ധതി, പതിനായിരം യുവാക്കൾക്ക് കാർഷിക രംഗത്ത് എ ഐ ഉൾപ്പെടെയുള്ള നൂതന വിദ്യകളിൽ പരിശീലനം, ആയിരം സ്കൂളുകളിൽ സ്കൂൾ ഫാമുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന കർമ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
വിഷൻ 2031 സംസ്ഥാനതല കാർഷിക സെമിനാർആലപ്പുഴ യെസ് കെ കൺവെൻഷൻ സെന്ററിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
നവീന കാലാവസ്ഥാ പ്രതിരോധ കൃഷി, ദ്വിതീയ കാർഷിക വികസനം, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കൽ, സ്വയംപര്യാപ്തത എന്നീ പൊതു ലക്ഷ്യങ്ങൾ ലക്ഷ്യം വയ്ക്കുന്നു. തരിശ് രഹിത കേരളം, ഒരു ലക്ഷം കർഷകർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം, പതിനായിരം ‘കേരളാഗ്രോ’ ഉൽപ്പന്നങ്ങൾ, കാബ്കോ നേതൃത്വത്തിൽ അമ്പത് അന്താരാഷ്ട്ര ബിസിനസ് മീറ്റുകളിൽ പങ്കാളിത്തം, ‘കൃഷി സമൃദ്ധി’ 750 പഞ്ചായത്തുകളിൽ വ്യാപിപ്പിക്കുക , പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത, ‘നവോത്ഥാൻ’ വഴി ഒരു ലക്ഷം ഹെക്ടർ കൃഷി എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 4.65 ശതമാനം വളർച്ച കൈവരിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിന്റെ കാർഷിക മേഖല നേടിയ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. ഈ കാലഘട്ടത്തിൽ അഖിലേന്ത്യ ശരാശരി 2.1 ശതമാനം മാത്രമാണ് എന്നുള്ളത് കേരളത്തിന്റെ പ്രകടനത്തിന് മാറ്റുകൂട്ടുന്നു. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചും, മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകി ദ്വിതീയ കാർഷിക മേഖലയെ ശക്തിപ്പെടുത്തിയുമാണ് ഈ നേട്ടം സാധ്യമാക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയതോടെ 23,568 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ദ്വിതീയ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുവാൻ സിയാൽ മാതൃകയിൽ കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്കോ) രൂപീകരിച്ചത് മൂല്യവർദ്ധിത കാർഷിക ഉല്പനങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുവാൻ സഹായകമായി എന്നും മന്ത്രി പറഞ്ഞു.
വന്യമൃഗ ശല്യം മൂലം കൃഷിക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് കൃഷിവകുപ്പും നഷ്ട പരിഹാരം നൽകുന്നുണ്ട്. കൃഷി പ്രദേശങ്ങൾ സംരക്ഷിക്കാൻവകുപ്പ് മൂന്നു കോടി രൂപ സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നും ചെലവഴിച്ചു. ഈ സർക്കാരാണ് ആദ്യമായി ഇത്തരം ഒരു ഉൾപ്പെടുത്തൽ നടത്തിയത്. വന്യമൃഗശല്യം ഫലപ്രദമായി തടയാൻ മേഖലയിലെ സ്റ്റാർട്ട് അപ്പ് കളുടെ സഹായത്തോടെ ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി തുടങ്ങി എന്നും മന്ത്രി പറഞ്ഞു.
പുതിയ ഊർജമായി കേരളാ ഗ്രോ
ഇന്ത്യയിലാദ്യമായി സർക്കാർ മുൻകൈയിൽ കാർഷിക മൂല്യവർധന ഉൽപ്പന്നങ്ങൾ ബ്രാൻഡഡ് ആക്കിയതായി നയരേഖ വ്യക്തമാക്കി. ‘ഒരു കൃഷിഭവൻ ഒരു മൂല്യവർധിത ഉൽപ്പന്നം’ എന്ന ലക്ഷ്യത്തിലൂടെ നാലായിരം ഉൽപ്പന്നങ്ങൾ സജ്ജമായി. ഇതിൽ ആയിരം ഉൽപ്പന്നങ്ങൾക്ക് ‘കേരളാഗ്രോ’ എന്ന പൊതു ബ്രാൻഡ് ലഭ്യമാക്കിയതും എല്ലാ ജില്ലകളിലും ‘കേരളാഗ്രോ ബ്രാൻഡഡ് ഷോറൂമുകൾ’ ആരംഭിച്ചതും മൂല്യവർദ്ധിത മേഖലയ്ക്ക് ഊർജ്ജം നൽകിയതായി മന്ത്രി പറഞ്ഞു. കർഷകർക്കാവശ്യമായ മുഴുവൻ സേവനങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന എൺപത് സ്മാർട്ട് കൃഷിഭവനുകൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കർഷക സേവനങ്ങൾ ഐടി അധിഷ്ഠിതമാക്കി കർഷകർക്ക് ലഭ്യമാക്കുവാൻ ഉതകുന്ന ‘കതിർ’ സോഫ്റ്റ്വെയറും മൊബൈൽ ആപ്പുംഅഗ്രിസ്റ്റാക്ക് സംവിധാനവും ഇ ഓഫീസ് സംവിധാനവും ഫലപ്രദമായി പ്രയോജനപ്പെടുത്തിയതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിന്റെ ഉൽപ്പാദനക്ഷമത 2020-21-ൽ 3091 കിലോഗ്രാം/ഹെക്ടറിൽ നിന്ന് 2022-23-ൽ 3117 ആയി ഉയർത്തിയതും ഉയർന്ന സംഭരണ വില നൽകി 7273.95 കോടി രൂപയുടെ നെൽ സംഭരിച്ചതും നേട്ടങ്ങൾ തന്നെയാണ്.269 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ഈ സർക്കാർ നെൽകർഷകർക്ക് നൽകിയത് . തെങ്ങിന്റെ ഉൽപ്പാദനക്ഷമത 6228 നാളികേരം/ഹെക്ടറിൽ നിന്ന് 7211 ആക്കിയതും നാളികേര കൃഷി പ്രോത്സാഹിപ്പിക്കാനായി 153 കോടി രൂപ ചെലവഴിച്ചതും നാളികേര മേഖലക്ക് ഊർജ്ജം നൽകിയിട്ടുണ്ട്. 597 കേരഗ്രാമം പദ്ധതി പ്രവർത്തനങ്ങളിലൂടെ നാളികേരത്തിന്റെ ഉൽപ്പാദന വർധനവ് ഉറപ്പാക്കുന്നു. പച്ചക്കറി ഉല്പാദനത്തിലും കേരളം പിന്നിലല്ല . പച്ചക്കറി ഉൽപ്പാദനം 2015-16-ലെ 6.28 ലക്ഷം ടണ്ണിൽ നിന്ന് 2024-25-ൽ 19.1 ലക്ഷം ടണ്ണായി.
കർഷകന്റെ സാമ്പത്തിക-സാമൂഹിക-സാങ്കേതിക ക്ഷേമം പൂർണ്ണമായും ഉറപ്പാക്കുന്ന പദ്ധതിനിർവഹണരീതിയായ ‘കൃഷി സമൃദ്ധി’ 107 തദ്ദേശസ്ഥാപനങ്ങളിൽ ആരംഭിച്ചു; ഈ സാമ്പത്തിക വർഷം 393ലേക്ക് വ്യാപിപ്പിക്കുകയാണ്. മൂന്നു ലക്ഷം തൊഴിലവസരങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. പഴവർഗകൃഷിയിൽ ‘ഫ്രൂട്ട് ക്ലസ്റ്റർ’ പദ്ധതി വ്യാപകമായതോടെ വിദേശ ഫലങ്ങൾ ഉൾപ്പടെ വിപണിയിൽ എത്തിക്കുവാൻ കർഷകർക്ക് സാധിച്ചു. പുഷ്പകൃഷിയിലും കേരളത്തിലെ കർഷകർ സജീവമായി ഇടപെട്ടു തുടങ്ങി.724 ഹെക്ടറിൽ 6343 ടൺ പൂക്കളാണ് കഴിഞ്ഞ ഓണക്കാലത്ത് വിപണിയിലെത്തിയത് .150-ലധികം അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ കാർഷിക മേഖലയിലെ സംരഭകത്വത്തിന് പിന്തുണ നൽകുന്നതായും മന്ത്രി പറഞ്ഞു.
