27 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ ആയിരത്തിലേറെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറിയെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ.622 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിച്ചുവെന്നും 407 ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി നവീകരിച്ചെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വട്ടിയൂർക്കാവിലെ പുതിയ മിനി റവന്യൂ ടവറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വില്ലേജ് ഓഫീസുകളുടെ മുഖഛായയിലും ഉള്ളടക്കത്തിലും നടപടിക്രമങ്ങളിലും അതിവേഗ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സേവനങ്ങൾ സ്മാർട്ട് ആയതോടെ ദിവസങ്ങളോളം വില്ലേജ് ഓഫീസ് കയറി ഇറങ്ങേണ്ട സ്ഥിതിക്ക് മാറ്റമുണ്ടായി. നാട്ടിലുള്ളവർക്ക് മാത്രമല്ല പത്ത് രാജ്യങ്ങളിൽ നിന്ന് റവന്യൂ ആവശ്യങ്ങൾ ഓൺലൈനായി ചെയ്യാനാകും. ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യംവെച്ച പട്ടയ മിഷനിലൂടെ നാലര ലക്ഷം പേർക്ക് പട്ടയം നൽകി. ഭവനരഹിതരായ അഞ്ചേക്കാൽ ലക്ഷം പേർക്ക് തലചായ്ക്കാൻ ഒരു കൂര നൽകാനായെന്നും മന്ത്രി പറഞ്ഞു.
രണ്ടര വർഷം കൊണ്ട് പത്ത് ലക്ഷം ഹെക്ടർ ഭൂമി ഡിജിറ്റൽ റിസർവേയിലൂടെ അളന്ന് തിട്ടപ്പെടുത്തി. ഭൂവിനിയോഗത്തിന് ഒരു ഇൻ്റഗ്രേറ്റഡ് പോർട്ടൽ എന്ന ആശയം നിലവിൽ വന്നു. ഒരു വ്യക്തിയുടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ റവന്യൂ രേഖകളും അടങ്ങിയ റവന്യൂ കാർഡ് ഈ മാസം അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. പൗരത്വം തെളിയിക്കാനായി വില്ലേജ് ഓഫീസുകൾ വഴി സംസ്ഥാനത്തെ മുഴുവൻ പേർക്കും നേറ്റിവിറ്റി കാർഡ് നൽകാനായി നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളായെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി. കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. 150ലേറെ പട്ടയങ്ങൾ നൽകിയെന്നും 1585 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് ജംഗ്ഷനിൽ പഴയ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ മിനി റവന്യൂ ടവറും സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരവും നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളായി വിഭാവനം ചെയ്തിട്ടുള്ള മിനി റവന്യൂ ടവറിൻ്റെ താഴത്തെ നിലയും ഒന്നാം നിലയുമാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചത്. 5444 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം. പ്ലാൻ ഫണ്ടിൽ നിന്നും 2 കോടി രൂപയും എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 53.31 ലക്ഷം രൂപയുമാണ് മിനി റവന്യൂ ടവറിന്റെ ഒന്നാം ഘട്ടത്തിനായി ചെലവഴിച്ചത്. വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുൻവശത്തായി ബസ് കാത്തിരിക്കുന്നവർക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ജന സൗഹൃദ വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
എംഎൽഎ വി. കെ പ്രശാന്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ നന്ദ ഭാർഗവ്, ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, ജില്ലാ കളക്ടർ അനുകുമാരി, എഡിഎം വിനീത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
