സംസ്ഥാനത്തെ ക്ഷീരമേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ക്ഷീരവികസന വകുപ്പിൻ്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആലപ്പുഴ ജില്ലാ ക്ഷീരസംഗമത്തിൻ്റെയും ക്ഷീരഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം ചേർത്തല കാവിൽ സെൻ്റ് മൈക്കിൾസ് പാരിഷ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ഇൻഷുറൻസ് പദ്ധതിക്കായി ആദ്യ ഗഡു എന്ന നിലയിൽ 50 ലക്ഷം രൂപ ലഭ്യമായിട്ടുണ്ട്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം സംഘടിപ്പിക്കും. ഈ പദ്ധതി ക്ഷീരകർഷകർക്ക് വളരെ ഉപകാരപ്രദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. ഇതിനായി ക്ഷീര മേഖലയുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നിരവധി പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പുതിയ തലമുറയെയും ക്ഷീരമേഖലയിലേക്ക്
കൊണ്ടുവരുന്നതിനായുള്ള പദ്ധതികളും സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതായി മന്ത്രി പറഞ്ഞു.
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. സമൂഹം ക്ഷീരകർഷകർക്ക് അർഹിക്കുന്ന പിന്തുണയും പ്രാധാന്യവും നൽകണമെന്നും ക്ഷീര കർഷകരുടെ ക്ഷേമത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കി അവർക്ക് മുന്തിയ പരിഗണന സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ടെൽഷ്യ, വയലാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ബാനർജി, വൈസ് പ്രസിഡൻ്റ് എം ജി നായർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം ബി അൻസാരി,
ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ടി ആർ സി എം പി യു ചെയർപേഴ്സൺ മണി വിശ്വനാഥ്, കേരള ഫീഡ്സ് ലിമിറ്റഡ് ചെയർപേഴ്സൺ കെ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സാബു, ജയ പ്രതാപൻ, യു ജി ഉണ്ണി , ക്ഷീര സംഘം പ്രസിഡൻ്റുമാരായ സി ആർ ബാഹുലേയൻ, കെ ജി പ്രിയദർശൻ, വിവിധ ജനപ്രതിനിധികൾ, ക്ഷീര സംഘം പ്രതിനിധികൾ, ക്ഷീര കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
