Home » Blog » kerala Max » സംസ്ഥാനത്തെ 3,286 ലൈബ്രറികൾ ഡിജിറ്റലിലേക്ക്

കൊണ്ടോട്ടി: പുസ്തകം ഏത് ലൈബ്രറിയിലുണ്ട്, അംഗത്വം എങ്ങനെ കൈകാര്യം ചെയ്യാം, എടുത്ത പുസ്തകം എപ്പോൾ തിരികെ നൽകണം—ഇത്തരം കാര്യങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. ഗ്രന്ഥശാലാദിനമായ തിങ്കളാഴ്ച സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലെ 3,286 ലൈബ്രറികളിലേക്ക് ‘പബ്ലിക്’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കും. പുസ്തകങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്ത ലൈബ്രറികൾക്ക് അക്കൗണ്ട്, യൂസർ ഐ.ഡി., പാസ്‌വേഡ് എന്നിവ കൈമാറിയാണ് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നൽകുന്നത്. വിവരങ്ങൾ ‘പബ്ലിക്കി’ലെത്തുന്നതോടെ പുസ്തകവിതരണവും ഓൺലൈനാക്കാൻ കഴിയും.

2024ലാണ് ലൈബ്രറികളുടെ പ്രവർത്തനങ്ങൾ കംപ്യൂട്ടർവത്കരിച്ച് സംയോജിപ്പിക്കുന്ന ‘പബ്ലിക്’ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ലൈബ്രറി കൗൺസിൽ ആരംഭിച്ചത്. ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും പരിശീലനം നൽകിയ ശേഷമാണ് പുസ്തകങ്ങളുടെയും അംഗങ്ങളുടെയും ഡേറ്റാ എൻട്രി നടത്തിയത്. പുസ്തകശേഖരത്തിന്റെ കുറഞ്ഞത് 50 ശതമാനം ഡേറ്റാ എൻട്രി പൂർത്തിയാക്കിയ ലൈബ്രറികൾക്കാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. മറ്റു ലൈബ്രറികൾക്ക് ഘട്ടംഘട്ടമായി പ്രവേശനം അനുവദിക്കും. നിലവിൽ 8,000ത്തിലധികം ലൈബ്രറികളാണ് കൗൺസിലിന് കീഴിലുള്ളത്.

കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ‘പബ്ലിക്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ 3,900 ലൈബ്രറികളിൽ കംപ്യൂട്ടർ സൗകര്യമുണ്ട്. ആദ്യഘട്ടത്തിൽ പുസ്തകങ്ങളുടെ കാറ്റലോഗ്, പുസ്തകവിതരണം, മടക്കം, അംഗത്വവിതരണം എന്നിവ ‘പബ്ലിക്’ വഴി നടത്താം. ഭാവിയിൽ ലൈബ്രറിയുടെ അക്കൗണ്ട്സ്, പരിപാടികൾ തുടങ്ങിയ മുഴുവൻ പ്രവർത്തനങ്ങളും ഇതിലൂടെ നിയന്ത്രിക്കാനാകും. സംസ്ഥാനത്തെ ലൈബ്രറികളിലെ മുഴുവൻ പുസ്തകശേഖരവും ഒറ്റ കാറ്റലോഗിലേക്ക് കൊണ്ടുവരാനും പദ്ധതിയുണ്ട്.

സ്വന്തം ലൈബ്രറിയിൽ ലഭ്യമല്ലാത്ത പുസ്തകം മറ്റേതെങ്കിലും ലൈബ്രറിയിൽ ഉണ്ടോ എന്ന് വായനക്കാർക്ക് കണ്ടെത്താനാകുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ഇതിലൂടെ സമയവും അധ്വാനവും കുറയ്ക്കുന്നതിനൊപ്പം ലൈബ്രറി പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടയോടെയും കാര്യക്ഷമമായും നടത്താൻ ലൈബ്രേറിയൻമാർക്ക് കഴിയും. അതേസമയം ലൈബ്രറികളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനും ലൈബ്രറി കൗൺസിലിനും ‘പബ്ലിക്’ സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *