Home » Blog » Kerala » സംസ്ഥാനം നേടിയത് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ
roshi--680x450

നമ്മുടെ സംസ്ഥാനം നേടിയ ഒട്ടേറെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയാകുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തിയതിന് ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഇന്ത്യൻ ഭരണഘടനയുടെ മഹത്വം വിളിച്ചോതുന്ന ഈ ദിനം, ജനാധിപത്യം, മതേതരത്വം, സമത്വം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുള്ളതും നമ്മുടെ പ്രതിജ്ഞാബദ്ധത പുതുക്കാനുള്ള അവസരവുമാണ്.  ഇടുക്കി ജില്ലയുടെ 54-ാം ജന്മദിനം കൂടിയാണിത്. ഈ ദിനത്തിൻ്റെ പ്രാധാന്യം പൂർണ്ണമായി ഉൾക്കൊണ്ടാണ് ഈ പരേഡ് ഗ്രൗണ്ടിൽ  ഒരുമിച്ചുകൂടിയിട്ടുള്ളത്

വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖം ഭാരതത്തിൻ്റെ സമുദ്ര വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ പോകുന്ന ഒരു പദ്ധതിയാണ്. ഇത് സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയുടെയും വികസന കാഴ്ച്ചപ്പാടിൻ്റെയും അടയാളമായി നമുക്ക് കാണാനാകും. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾ പോലും അടുക്കാൻ കഴിയുന്ന സ്വാഭാവിക ആഴമുള്ള തുറമുഖം ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി മാറിക്കഴിഞ്ഞു. ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ സാമ്പത്തിക മേഖലയിലെ വളർച്ചയ്ക്കൊപ്പം  പതിനായിരക്കണക്കിനാളുകൾക്ക് തൊഴിലവസരവും  സൃഷ്ടിക്കപ്പെടുന്നു.  രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി തുടക്കം കുറിച്ചു. 10 മാസ കാലയളവിൽ 10 ലക്ഷത്തോളം കണ്ടെയ്‌നറുകളാണ്  വിഴിഞ്ഞത്ത് എത്തിയത്. ഇത് നമ്മുടെ നാടിൻ്റെ വികസന രംഗത്തെ മാറ്റങ്ങൾ വ്യക്തമാക്കുന്നു.

ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, വികസനത്തിൻ്റെയും സാമൂഹിക നീതിയുടെയും പുതിയ മാതൃക സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു. 2025-ൽ അതിദാരിദ്ര്യമില്ലാത്ത  ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ബഹുമതി കേരളം നേടി. സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമാർജനം ചെയ്യാൻ കഴിഞ്ഞത് കൂട്ടായ പരിശ്രമത്തിൻ്റെയും ഇച്ഛാശക്തിയുടെയും പ്രവർത്തനത്തിൻ്റെയും ഫലമാണ്.

കെ-സ്മാർട്ട് പോലെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വഴി, സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനും കഴിഞ്ഞു. 100% ഡിജിറ്റൽ സാക്ഷരത കൈവരിച്ച  സംസ്ഥാനമായി കേരളം മാറി. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഉണ്ടായ മുന്നേറ്റം ലോകശ്രദ്ധ പിടിച്ചുപറ്റി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി.  വിദേശീയരെ പോലും ആകർഷിക്കാൻ കഴിയത്തക്ക വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടായി.  നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോയി പഠിക്കാൻ ആഗ്രഹിക്കുന്നത് പോലെതന്നെ, വിദേശത്തുള്ളവരുടെ  കുട്ടികൾക്ക് നമ്മുടെ നാട്ടിൽ വന്ന് പഠിക്കാൻ കഴിയത്തക്ക വിധത്തിലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ  ശ്രദ്ധേയമാണ്. ഡിജിറ്റൽ സയൻസ് പാർക്കും ഡിജിറ്റൽ സയൻസ് സിറ്റിയും ഉൾപ്പെടെ ആരംഭിക്കാൻ കഴിഞ്ഞ ഒരു സംസ്ഥാനമായി ഇന്ത്യയിൽ കേരളം മാറി.

കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കൊണ്ട് അടിസ്ഥാന വികസനത്തിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കാർഷിക മേഖലയിലും ടൂറിസം രംഗത്തും ഇടുക്കി ജില്ലയ്ക്ക് മുന്നേറാൻ കഴിഞ്ഞു. മെഡിക്കൽ കോളേജ്,  നഴ്‌സിംഗ് കോളേജ്, നെടുംകണ്ടത്ത് ആയുർവേദ മെഡിക്കൽ കോളേജ് എന്നിവ ശ്രദ്ധേയ നേട്ടങ്ങളാണ്.

കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിന് കേരളം പ്രത്യേക ശ്രദ്ധ നൽകുന്നു.  ഇടുക്കിയിലെ കർഷകരുടെ ഉന്നമനത്തിനായി മുട്ടത്ത് ആരംഭിച്ച സ്പൈസസ് പാർക്ക് വലിയൊരു കാൽവെയ്പ്പാണ്. സംസ്കരണത്തിനും സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിനും ഇത് വലിയ കരുത്ത് നൽകും. കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിക്കുകയും ഹൈറേഞ്ച് ഉൽപ്പന്നങ്ങളെ ലോക വിപണിയിൽ ബ്രാൻഡ് ചെയ്യാനുളള നടപടികൾ തുടരുകയും ചെയ്യുന്നുണ്ട്. ഇതോടപ്പം ഭക്ഷ്യ മേഖലയിലെ മൂല്യ വർധന ലക്ഷ്യമിട്ട് ഇടുക്കിൽ ആലിൻചുവടിന് സമീപനം മിനി ഫുഡ് പാർക്ക് നിർമ്മാണം ഉടൻ ആരംഭിക്കുകയാണ്. പ്രാഥമിക വികസനത്തിനുള്ള തുക അനുവദിച്ചിട്ടുണ്ട്.

ഇടുക്കിയിലെ ജനങ്ങളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടമാണ് 1964-ലെയും 1993-ലെയും ഭൂപതിവ് നിയമങ്ങളിൽ കൊണ്ടുവന്ന ഭേദഗതി. നിർമ്മാണ പ്രവർത്തനങ്ങൾക്കും കൃഷിഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗത്തിനും ഉണ്ടായിരുന്ന തടസങ്ങൾ നീക്കാൻ ഈ ചരിത്രപരമായ തീരുമാനത്തിലൂടെ സാധിച്ചു. കേര പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കിയിൽ ഏലം പുനർ കൃഷി ചെയ്യുന്നതിന് 1 ഹെക്‌ടർ സ്ഥലത്തിന് 1 ലക്ഷം രൂപ ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏലം കൃഷിക്ക് ജില്ലയിലെ പ്രാധാന്യം മനസിലാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വില ഇടിയുമ്പോൾ കർഷകനെ താങ്ങിനിർത്താൻ സബ്‌സിഡികളും വിലസ്ഥിരതാ ഫണ്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നു. കഴിഞ്ഞ വേനലിൽ ശക്തമായ ചൂടിൽ കൃഷി നഷ്‌ടപ്പെട്ടവർക്ക് ചരിത്രത്തിൽ ആദ്യമായി നഷ്ടപരിഹാരം വിതരണം ചെയ്‌ത സർക്കാരാണിത്. കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി സ്പൈസസ് പാർക്കുകളും മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകളും ജില്ലയിൽ സജീവമായിക്കഴിഞ്ഞു

ശുദ്ധജല വിതരണ രംഗത്ത്, സംസ്ഥാനത്ത് ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ, കേരളത്തിൽ 17 ലക്ഷം ഗ്രാമീണ ഭവനങ്ങളിലാണ് കുടിവെള്ളം ലഭ്യമാക്കി രുന്നത്.  എന്നാൽ കഴിഞ്ഞ മൂന്നര വർഷക്കാലം കൊണ്ട്  42 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിച്ചു. ട്രീറ്റ്മെൻ്റ് പ്ലാൻ്റുകളുടെ നിർമാണം പുരോഗമിക്കുന്നു.
5000 കോടി രൂപയുടെ പദ്ധതികളാണ് വിവിധ ഇടങ്ങളിൽ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 44,000 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു. ശുദ്ധജല വിതരണ രംഗത്ത് വലിയ മാറ്റമാണുണ്ടായത് . വികസനം കേവലം കെട്ടിടങ്ങളിലോ റോഡുകളിലോ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്, അത് സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ മാറ്റം ഉണ്ടാക്കേണ്ടതാണ്. പ്രകൃതി ക്ഷോഭങ്ങളോടും, പ്രകൃതി ദുരന്തങ്ങളോടും അതിജീവിച്ച് ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കണം. അതിനു വേണ്ടി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. നമ്മുടെ സേനാ വിഭാഗത്തോടൊപ്പം കുട്ടികൾ, എൻസിസി, സ്റ്റുഡൻ്സും, സ്റ്റുഡൻ്സ് പോലീസ് കേഡറ്റ്സും കേരളത്തിന് മാതൃകയാകുന്ന വലിയൊരു പദ്ധതിയായി മാറി.  ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും അത് മാതൃകയാക്കി കഴിഞ്ഞു. സ്കൂൾ കുട്ടികളെ ബാധിച്ചിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരായ  പോരാട്ടത്തിൽ ശക്തമായി മുന്നോട്ട് പോകേണ്ട ഘട്ടമാണ്. രാസലഹരിയുടെ അടിമത്തത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്ത് വരുമ്പോൾ, സ്റ്റുഡൻ്സ് പോലീസ് കേഡറ്റ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, എൻസിസി പോലുള്ള സംഘടനകളുടെ ചിട്ടയായ പ്രവർത്തനം, സ്കൂളുകളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഒരുമിച്ചുള്ള മുന്നേറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ, നമ്മുടെ ഐക്യവും, അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ ജീവൻ നൽകിയും പോരാടാൻ, ഭാരതീയരായ നമ്മൾ ഒരുമിച്ച് നിൽക്കും എന്ന ബോധ്യത്തോടുകൂടിയാണ് ഈ ദിനത്തിൻ്റെ പ്രതിജ്ഞ നമ്മൾ ഏറ്റെടുക്കുന്നത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്,  സാഹോദര്യമനോഭാവം കാത്ത് സൂക്ഷിച്ചുകൊണ്ട്  ഒരുമിച്ച് മുന്നേറാം. ഒരു നവകേരള സൃഷ്ടിക്കായി എല്ലാവരും സഹകരിക്കണം എന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഐ ഡി എ മൈതാനത്താണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നത്. മുഖ്യാതിഥിയായ മന്ത്രി റോഷി അഗസ്റ്റിനെ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് സാബു മാത്യു കെ. എം, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചതിന് ശേഷം പരേഡ് പരിശോധിച്ചു. വണ്ടിപെരിയാർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും പരേഡ് കമാന്ററുമായ അമൃത് സിംഗ് നായകം എ. ജെ.യുടെ നേതൃത്വത്തിൽ ബാൻഡ് സംഘം ഉൾപ്പെടെ 18 പ്ലറ്റുണുകളാണ് അണിനിരന്നത്. ഇടുക്കി പൊലീസ്, പൈനാവ് എം.ആർ.എസ്. സ്കൂൾ, കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ.എച്ച്.എസ്., എന്നിവർ പരേഡിന് താളലയമൊരുക്കി.

ദേവികുളം എക്സ്സൈസ് റേഞ്ച് ഓഫീസർ വിഷ്ണു ടി. ജി നയിച്ച എക്സൈസ് വിഭാഗം, അതുൽ പി. എസ്. നയിച്ച എൻ.സി.സി. സീനിയർ വിഭാഗം,  ഗിരിധർ ബി നയിച്ച എൻ.സി.സി. ജൂനിയർ വിഭാഗം, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് വിഭാഗത്തിൽ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ.എച്ച്.എസ്., വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്കൂൾ, മുരിക്കാശ്ശേരി സെന്റ് മേരിസ്‌ ഹൈസ്കൂൾ, ജവഹർ നവോദയ വിദ്യാലയ സ്കൂൾ വിദ്യാർത്ഥി ഐഡൻ തോമസ് നയിച്ച സ്കൗട്ട്സ്, ജവഹർ നവോദയ വിദ്യാലയ സ്കൂൾ വിദ്യാർത്ഥി കീർത്തന സജീഷ് നയിച്ച ഗൈഡ്സ്, എന്നിവർ മികച്ച പ്രകടനത്തിന് പുരസ്‌കാരത്തിന് അർഹരായി.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാന്ദ്രമോൾ തോമസ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആൻസി തോമസ്,  എ.ഡി. എം ഷൈജു പി ജേക്കബ്, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം:

1. ഇടുക്കി ഐ.ഡി.എ മൈതാനത്ത് നടന്ന 77-ാംമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയ പതാക ഉയർത്തുന്നു

2. 77-ാംമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നു.

3. ഇടുക്കി ഐ.ഡി.എ മൈതാനത്ത് നടന്ന 77-ാംമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പരേഡ് പരിശോധിക്കുന്നു.