ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഐ ആം ഗെയിം’ നൂറിലധികം ദിവസത്തെ ഷൂട്ടിംഗിന് ശേഷം പൂർത്തിയായി. ആർഡിഎക്സിന്റെ വൻ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ഈ മാസ്സ് ആക്ഷൻ ചിത്രം 2026 ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ആന്റണി വർഗീസ്, തമിഴ് സംവിധായകൻ മിഷ്കിൻ, കതിർ, കായദു ലോഹർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ രംഗങ്ങളും ഒരുക്കുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിന്റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
