കേരളത്തിൽ ഷിഗെല്ല രോഗബാധ അതീവ ഗൗരവകരമായി തുടരുന്നു. കൊല്ലം ജില്ലയിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖലയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 267 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 191 പേർക്ക് രോഗബാധയുണ്ടാവുകയും ആറ് പേർ മരണപ്പെടുകയും ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരികയാണ്. ജൂൺ മാസം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ്.
ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലും ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്: മലപ്പുറം: 30 തിരുവനന്തപുരം: 18, കൊല്ലം: 13,കണ്ണൂർ: 11,എറണാകുളം: 4,ഇടുക്കി: 3,പാലക്കാട്: 3രോഗം നിയന്ത്രണാതീതമായി പടരാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശുചിത്വമില്ലാത്ത ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ഭക്ഷണം മൂടിവെച്ച് സൂക്ഷിക്കുകയും ചെയ്യുക. പനി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ട്. സാഹചര്യം വിലയിരുത്തിക്കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ മുൻപോട്ടുപോയാൽ മാത്രമേ രോഗവ്യാപനം പൂർണ്ണമായി തടയാൻ സാധിക്കൂ.
