Home » Blog » Top News » ശാസ്ത്രബോധം മനുഷ്യരെ ഒരുമിപ്പിക്കുന്നു; – മുഖ്യമന്ത്രി പിണറായി വിജയൻ * 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തു
FB_IMG_1770040264942

ഭേദചിന്തകൾക്ക് അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാൻ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സെൻ്റ് ആൽബട്ട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ശാസ്ത്രീയ അവബോധം വളർത്തേണ്ടത് അനിവാര്യമാണ്. വിവേചനങ്ങളില്ലാത്ത ഒരു സമൂഹ നിർമ്മിതിക്കായി ശാസ്ത്ര കോൺഗ്രസ് പോലുള്ള വേദികൾ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ മാതൃകയിൽ കേരളത്തിൽ ആരംഭിച്ച ശാസ്ത്ര സംഗമം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. സമൂഹത്തെ പുരോഗമനപരമായ പാതയിലൂടെ മുന്നോട്ട് നയിക്കാൻ ശാസ്ത്ര കോൺഗ്രസ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

സമുദ്ര ഗവേഷണവും സമുദ്രോത്പന്നങ്ങളുടെ വിപണനവും, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സയൻസ് കോൺഗ്രസിൻ്റെ തീം. വിശാലമായ കടൽത്തീരമുള്ള നാട് എന്ന നിലയിൽ കേരളത്തെ സംബന്ധിച്ച് ഈ ആശയം വളരെ പ്രാധാന്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനൊപ്പം പോഷകാഹാരം ലഭ്യമാക്കുന്ന കാര്യത്തിലും സാമുദ്രിക ആവാസ വ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ട്.

ശാസ്ത്ര കോൺഗ്രസിൽ ഉൾതിരിഞ്ഞ ആശയങ്ങൾ പല ഘട്ടങ്ങളിലും സാമൂഹിക വികാസത്തിനും, വ്യാവസായിക മുന്നേറ്റത്തിനും കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനിയും തുടരണം. ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം, ഇത്തരം കാര്യങ്ങളിൽ വേണ്ടത് ചെയ്യാൻ സർക്കാർ സന്നദ്ധമാണ്.

ശാസ്ത്രം മനുഷ്യ പുരോഗതിക്ക് എന്നതാണ് നാം മുന്നോട്ടുവെച്ച ആശയം. മാനവരാശി കടന്നു വന്ന മുന്നേറ്റത്തിന്റെ ഓരോ പടവിലും ശാസ്ത്രത്തിന്റെ കൈത്താങ്ങുകൂടി ഉണ്ടായിരുന്നു. രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഒരുക്കിക്കൊണ്ട് ശാസ്ത്രം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. വസൂരിരോഗം ദൈവ കോപമായി കണ്ടിരുന്ന സാഹചര്യത്തിൽ നിന്ന് വസൂരി രോഗമാണെന്നും ഫലപ്രദമായ പ്രതിരോധം സാധ്യമാണെന്നും നമ്മൾ മനസ്സിലാക്കി. സ്ത്രീവിരുദ്ധതമായ പല അനാചാരങ്ങളും ശാസ്ത്രത്തിൻ്റെ വളർച്ചയുടെ ഘട്ടത്തിൽ ഇല്ലാതായി. ശാസ്ത്രം മനുഷ്യനെ പുരോഗതിയിലേക്ക് നയിച്ചതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പരിമിതമായ സാമ്പത്തിക വിഭവങ്ങളുള്ള സംസ്ഥാനമായിട്ടും, ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യത്തിനു മുന്നിൽ ശക്തമായ മാതൃകകൾ സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു. പഞ്ചായത്ത് തലത്തിൽ വരെ വാട്ടർ ബഡ്ജറ്റ് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. വരൾച്ചയും, പ്രളയവും ഒരുപോലെ അനുഭവിച്ച ഒരു സംസ്ഥാനമായിട്ടും ശാസ്ത്രീയ പഠനങ്ങളും, ഡാറ്റാധിഷ്ഠിത തീരുമാനങ്ങളും ഉപയോഗിച്ച്, ജലവിഭവ മാനേജ്മെൻ്റിൽ പുതിയ വഴികൾ നാം തുറന്നു. ദുരന്ത നിവാരണ രംഗത്ത് ശാസ്ത്രത്തിൻ്റെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി. ജീവൻ സംരക്ഷിക്കാനും ഉപജീവനം ഉറപ്പാക്കാനും കഴിഞ്ഞു. ശാസ്ത്രം ഭരണത്തിൻ്റെ ഭാഗമാകുമ്പോൾ സാധ്യമാകുന്ന നേട്ടങ്ങളാണ് ഇവയെല്ലാം.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കാലാവസ്ഥാ പഠനങ്ങൾ, തീരദേശ സംരക്ഷണ ഗവേഷണങ്ങൾ, പരിസ്ഥിതി മാനേജ്മെൻ്റ് പദ്ധതികൾ, ഇവയെല്ലാം ശാസ്ത്രത്തിൻ്റെ പിന്തുണയോടെ നടപ്പിലാക്കി വരുന്നു. ആരോഗ്യ ശാസ്ത്ര രംഗത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പോലെയുള്ള സ്ഥാപനങ്ങൾ കേരളത്തെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കി. ആയിരം കോടി മുതൽ മുടക്കിൽ സ്ഥാപിക്കുന്ന സയൻസ് പാർക്കുകളിൽ ഒരെണ്ണം പ്രവർത്തനം ആരംഭിച്ചു. സംരംഭകത്വ രംഗത്തും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും ഇഴചേർക്കാൻ നമുക്ക് കഴിഞ്ഞു. ശാസ്ത്ര ഗവേഷണ രംഗത്തും സ്റ്റാർട്ടപ്പുകൾ ഉയർന്നു വന്നു.

അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിച്ചുകൊണ്ട് ശാസ്ത്രാബോധത്തെ ഇല്ലാതാക്കാനായി നടക്കുന്ന ശ്രമങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ നമുക്കാവണം.

ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ യിൽ ശാസ്ത്രാബോധം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകൾ പൗരൻ്റെ ഉത്തരവാദിത്വമാണ് എന്ന് പറയുന്നുണ്ട്. ശാസ്ത്രീയ അഭിരുചി എന്നത് ഒരു ചിന്താരീതിയും, പ്രവർത്തനരീതിയും, ഒപ്പം സ്വതന്ത്ര മനുഷ്യൻ്റെ സത്തയുമാണ് എന്ന് 1953-ൽ ശാസ്ത്ര വളർച്ചയ്ക്കായുള്ള ദേശീയ പദ്ധതി അവതരിപ്പിച്ചുകൊണ്ട് ജവഹർലാൽ നെഹ്റു പറഞ്ഞിരുന്നു. മനുഷ്യനെ സ്വതന്ത്രമാക്കാനുള്ള ഒരു ഉപാധിയായാണ് നാം ശാസ്ത്രത്തെ കാണേണ്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, സ്ഥാപന പ്രതിനിധികർ, ഗവേഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായ വിദഗ്ധർ എന്നിവർ അടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് സയൻസ് സയൻസ് കോൺഗ്രസിന്റെ ഭാഗമാകുന്നത് . ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സയൻസ് എക്സിബിഷനും ശാസ്ത്ര കോൺഗ്രസിൻ്റെ ഭാഗമായുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയും, രാജ്യത്തെ മുൻ നിര സ്ഥാപനങ്ങളുടെ ഗവേഷണങ്ങളും, കണ്ടെത്തലുകളും അടക്കമുള്ള ശാസ്ത്ര നേട്ടങ്ങൾ സാധാരണ മനുഷ്യർക്ക് മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന വേദിയാണ് സയൻസ് എക്സിബിഷൻ . വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക സെഷനുകൾ സയൻസ് കോൺഗ്രസിന്റെ ഭാഗമായി നടക്കുന്നുണ്ട്. സയൻസ് കോൺഗ്രസിന് മുന്നോടിയായി സ്കൂളുകളിൽ ശാസ്ത്രബോധവൽക്കരണ കാമ്പയിനുകൾ നടന്നു. വിദ്യാർത്ഥികളുമായി നേരിട്ടുള്ള സംവാദങ്ങൾ സംഘടിപ്പിച്ചു. വിപുലമായ തയ്യാറെടുപ്പോടുകൂടിയാണ് ഈ ശാസ്ത്ര കോൺഗ്രസിലേക്ക് നമ്മൾ എത്തിച്ചേർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഐ എസ് ആർ ഒ ചെയർമാൻ വി നാരായണൻ ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിലും, ഉത്പാദനമുഖമാക്കുന്നതിലും താല്പര്യത്തോടെ ഇടപെടൽ നടത്തുന്ന വ്യക്തിത്വം ആണെന്നും, കേരളത്തിലെ സ്പേസ് പാർക്ക് യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം അടക്കമുള്ളവർ നൽകിയ സംഭാവനകൾ വലുതാണ്.  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

2024ലെ കേരള ശാസ്ത്ര പുരസ്കാരം ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ മുൻ ഡയറക്ടർ ജനറൽ ടെസ്സി തോമസിന് മുഖ്യമന്ത്രി കൈമാറി. ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്. അഗ്നി- വി ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിക്കൊണ്ട് അവർ മലയാളികൾക്കാകെ അഭിമാനമായി. ടെസ്സി തോമസിന് പുരസ്കാരം നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ നേടിയ ഡോ. ബിജു ധർമ്മപാലൻ(മനുഷ്യപരിണാമപഥം ഹോമോ സാപിയൻസിൽ നിന്ന് ഹോമോ ഡിയൂസിലേക്ക്), ഡോ. ഗോപകുമാർ ചോലയിൽ (ഉരുകും കാലം അതിതാപനവും അതിജീവനവും), പ്രദീപ് ഓർക്കാട്ടേരി (പുല്ലരി മധുരം മുത്താറി മുതൽ മലഞ്ചാമ വരെ), എസ് അശ്വിൻ ( മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ കുറിച്ചുള്ള പരമ്പര), എന്നിവർക്കും യുവ ശാസ്ത്രജ്ഞ പുരസ്കാരം കരസ്ഥമാക്കിയ കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. പി ശങ്കർ, തിരുവനന്തപുരം ഐ ഐ എസ് യു സെൻസർ ഇലക്ട്രോണിക് ഡിവിഷൻ സയൻ്റിസ്റ്റ് ഡോ. അഞ്ചിത വിശ്വനാഥ് എന്നിവർക്കും പുരസ്കാരങ്ങൾ കൈമാറി

ചടങ്ങിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവിയോൺമെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് കെ പി സുധീർ അധ്യക്ഷനായി. വ്യവസായ വകുപ്പുമന്ത്രി പി രാജീവ്, ടി ജെ വിനോദ് എം എൽ എ , മേയർ വി കെ മിനിമോൾ, കേരള സയൻസ് കോൺഗ്രസ് ചെയർമാൻ പി ബൽറാം , ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സീനിയര്‍ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ. പി.ബലറാം, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവിയോൺമെന്റ് മെമ്പർ സെക്രട്ടറി പ്രൊഫ. എ സാബു, ഇ – നാറ്റ്പാക് ഡയറക്ടർ ആർ. ആശാലത, സെൻറ് ആൽബർട്ട്സ് കോളേജ് മാനേജർ ഡോ. ആൻറണി തോപ്പിൽ, കോളേജ് പ്രിൻസിപ്പാൾ ഡോ. ജോസഫ് ജസ്റ്റിൻ റബല്ലോ എന്നിവർ പങ്കെടുത്തു.