ന്യൂഡൽഹി∙ സിവിൽ സർവീസ് ഉപേക്ഷിച്ച് ആറരവർഷം പിന്നിട്ടിട്ടും തന്റെ രാജി സ്വീകരിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇത് തടസ്സമായെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാലക്കാട് സീറ്റിൽ കോൺഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നെങ്കിലും രാജി സ്വീകരിക്കാത്തതിനാൽ മത്സരിക്കാനായില്ല. രാജി കേന്ദ്രം അംഗീകരിക്കാത്തതിനാൽ പ്രഫഷനലി തനിക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും ഇതു പീഡനമാണെന്നും കണ്ണൻ പറഞ്ഞു.
2019 ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് അഭിപ്രായസ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണൻ രാജിക്കത്ത് നൽകിയത്. രാജി നൽകുമ്പോൾ ദാദ്ര–നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
സിവിൽ സർവീസിൽ നിന്ന് രാജിവച്ച ശേഷം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലടക്കം കണ്ണൻ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ പേരിൽ പലയിടത്തും പൊലീസ് നടപടിയും നേരിട്ടിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഉത്തരവ് നിരസിച്ചതിനും കേസുണ്ട്.
കണ്ണൻ ഗോപിനാഥന്റെ കുറിപ്പ്:
‘പ്രിയപ്പെട്ട പ്രധാനമന്ത്രി, കഴിഞ്ഞ ആറര വർഷമായി എന്റെ രാജിക്കത്ത് താങ്കളുടെ സർക്കാർ പരിഗണിക്കാൻ പോലും തയാറായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. ശമ്പളവുമില്ല, വിടുതലുമില്ല. എന്റെ പ്രഫഷനൽ ജീവിതത്തിൽ മുന്നോട്ട് പോകുന്നതിന് ഇത് തടസ്സമായി.
കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമായില്ല. ഇത് പീഡനമല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ ഭരണത്തിനു കീഴിൽ ലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എനിക്ക് നന്നായി അറിയാമെന്നതിനാൽ എന്റെ വ്യക്തിപരമായ പ്രശ്നം ഉയർത്തിക്കാട്ടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.
എന്റെ രാഷ്ട്രീയം എന്തു തന്നെയായാലും, രാജി വയ്ക്കാനുള്ള എന്റെ അവകാശവും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശവും തടയുന്നത് വളരെ പരിതാപകരവും അൽപ്പത്തരവുമാണ്. ഈ സമീപനം അവസാനിപ്പിച്ച്, സർക്കാരിനോട് എന്റെ രാജി ഉടൻ പരിഗണിക്കാൻ നിർദേശം നൽകുമല്ലോ.’
