Home » Blog » Kerala » ശക്തമായ തിരിച്ചുവരവ്; ഭാവന ചിത്രം അനോമിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
Screenshot_20251228_235021

മലയാളികളുടെ പ്രിയതാരങ്ങളായ ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘അനോമി’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. 2026 ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.

ഏറെ കാലത്തിന് ശേഷം ഭാവനയും റഹ്‌മാനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത ഇതിനുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മിസ്റ്ററി/ത്രില്ലർ വിഭാഗത്തിൽപ്പെട്ട സിനിമയാണിതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്ന ‘സാറാ ഫിലിപ്പ്’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക റീൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് വിവരം അറിയിച്ചത്.

ഭാവനയുടെ പുതിയ ചിത്രത്തിന്റെ റീൽ നിമിഷങ്ങൾക്കകം വൈറലായിമാറുകയായിരുന്നു. ഭാവനയുടെ പുതിയ വേഷത്തിന് ആശംസകളുമായി ചലച്ചിത്ര രംഗത്തെ പ്രമുഖർ വരെ രംഗത്തെത്തിയിട്ടുണ്ട്. ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്. പുതിയ ഇന്നിങ്‌സിന് ആശംസകൾ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്. ഭാവനയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും സാറാ ഫിലിപ്പ് എന്ന കഥാപാത്രം മികച്ചതാകുമെന്നും ആരാധകർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.

ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിൻ ബെൻസൺ, അർജുൻ ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കുമർ മംഗത് പഥക് അഭിഷേക് പഥക് എന്നിവരാണ്.