ആഫ്രിക്കൻ-യൂറോപ്യൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന മാരക വൈറസ് ബാധകളുടെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യ കർശന പ്രതിരോധ നടപടികൾ ആരംഭിച്ചു. എബോള, ഹാന്റ വൈറസുകൾക്കെതിരെ ലോകാരോഗ്യ സംഘടന നൽകിയ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നാണ് സൗദി ആരോഗ്യ മന്ത്രാലയം രാജ്യത്തുടനീളം നിരീക്ഷണം ശക്തമാക്കിയത്. സ്വദേശികൾ, വിദേശികൾ, തീർത്ഥാടകർ എന്നിവരിലേക്ക് പകർച്ചവ്യാധികൾ പടരാതിരിക്കാൻ വിമാനത്താവളങ്ങളിലും അതിർത്തികളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള യുഗാണ്ട, സൗത്ത് സുഡാൻ, റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് പ്രധാനമായും വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും കർശനമായ ആരോഗ്യ പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പകർച്ചവ്യാധി നിരീക്ഷണ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും, ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
