റാപ്പർ വേടനെ അറിയില്ലെന്ന് പറഞ്ഞതിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന സംഭവത്തിൽ വിശദീകരണവുമായി എം.ജി ശ്രീകുമാർ. സത്യസന്ധമായാണ് അന്ന് വേടനെ അറിയില്ലെന്ന് പറഞ്ഞതെന്ന് എം.ജി ശ്രീകുമാർ വ്യക്തമാക്കി. പിന്നീടാണ് വേടന്റെ റാപ്പ് ഗാനങ്ങൾ കേട്ടതെന്നും വേടനോട് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം അനിയനെപ്പോലെയാണെന്നും എം.ജി ശ്രീകുമാർ വ്യക്തമാക്കി.
“വേടനെ അറിയാമോ? എന്ന് എന്നോട് ചോദിച്ചു, എനിക്ക് അറിയില്ലെന്ന് സത്യസന്ധമായി ഞാൻ മറുപടി പറഞ്ഞു. അന്ന് എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. ഇന്നും വ്യക്തിപരമായി പരിചയമില്ല. അതൊരു തെറ്റാണോ? അത് പറഞ്ഞതിന് സമൂഹമാധ്യമങ്ങളിൽ മുഴുവൻ എനിക്കെതിരെ പ്രശ്നങ്ങളുണ്ടാക്കി. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ റാപ്പ് ഗാനങ്ങളൊക്കെ ഞാൻ കേൾക്കുന്നത്. ഗംഭീരമായിട്ടുണ്ട്. അദ്ദേഹം ജനപ്രീതി നേടിയ ഗായകനാണ്.” – എംജി പറഞ്ഞു.
“വേടൻ എനിക്കൊരു അനിയനെപ്പോലെയാണ്. എനിക്ക് അദ്ദേഹത്തോട് ഒരു വിരോധവുമില്ല. അദ്ദേഹം പാടുന്ന ജോണർ വേറെയാണ്. അവിടെയൊരു താരതമ്യത്തിന്റെ ആവശ്യമേയില്ല. ഞാൻ പാടുന്നത് മറ്റൊരു തരത്തിലുള്ള പാട്ടാണ്. അത് ‘വേ’ ഇത് ‘റെ’. അതിൽ താരതമ്യം ചെയ്യുകയേ അരുത്. നിങ്ങൾ അദ്ദേഹത്തിന്റെ പാട്ടിനും പോകൂ, എന്റെ പാട്ടിനും വരൂ.” – എംജി വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയിൽ റാപ്പർ വേടൻ കഞ്ചാവ് കേസിൽ അറസ്റ്റിലായ പശ്ചാത്തലത്തിൽ എം.ജി ശ്രീകുമാർ നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്. ‘വേടനെ അറിയില്ല. കഴിഞ്ഞ 45 വർഷമായിട്ട് ഞാൻ ഇവിടെയുണ്ട്. കേരളത്തിൽ പാട്ട് പാടാൻ പോകാത്ത സ്ഥലങ്ങളില്ല. എന്റെ ലഹരി എന്നത് ഞാൻ പാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്ന ലഹരിയാണ്. സംഗീതം മാത്രമാണ് എന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ല’ എന്നായിരുന്നു എം.ജി ശ്രീകുമാറിന്റെ പ്രതികരണം. എം.ജി ശ്രീകുമാറിന്റെ ഈ പ്രസ്താവനയെ കടുത്ത ഭാഷയിൽ വിമർശിച്ച് വേടന്റെ ആരാധർ രംഗത്തെത്തിയിരുന്നു.
