കൊച്ചി: ഇതിഹാസ സ്‌കൂട്ടറായ വെസ്പയ്ക്ക് 80 വയസ്സാകുന്നതിന്റെ ആഘോഷം റോമില്‍ നടക്കും. ഈ മാസം 25 മുതല്‍ 28 വരെയാണ് നാല് ദിവസത്തെ വെസ്പ റോമ 2026- ഇതിഹാസത്തിന്റെ 80 വര്‍ഷങ്ങള്‍ എന്ന ആഘോഷം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും വെസ്പ ഉടമകള്‍ സ്‌കൂട്ടറുമായി റോമിലെത്തും. 60 രാജ്യങ്ങളില്‍നിന്നുള്ള വെസ്പക്കാര്‍ റോമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉടമകള്‍ അല്ലാത്ത വെസ്പ പ്രേമികള്‍ക്കും വെസ്പ റോമ 2026-ല്‍ പങ്കെടുക്കാം.
ഇതുവരെ വിപണിയിലെത്തിയിട്ടുള്ള എല്ലാ വെസ്പ മോഡലുകളുമായി വെസ്പ ക്ലബ് അംഗങ്ങള്‍ റോമില്‍ എത്തുന്നുണ്ട്. പാട്ടും മത്സരങ്ങളും പ്രദര്‍ശനങ്ങളും നാല് ദിവസത്തെ ആഘോഷത്തില്‍ ഉണ്ടാകും. എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം 20 മില്ല്യണ്‍ സ്‌കൂട്ടറുകള്‍ നഗര തെരുവുകളില്‍ ജീവനും നിറവും പകരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
