മുരിയാട് ഗ്രാമപഞ്ചായത്തിലെ ഊരകം ഈസ്റ്റ് എടക്കാട്ട്പാടം 98ാം നമ്പർ ദീപം അങ്കണവാടി കെട്ടിടം മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ -സാമൂഹിക നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ. ആർ ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി പുനർ നിർമ്മിച്ചത്.
കുട്ടികളുടെ സാമൂഹ്യവത്കരണ പ്രക്രിയയിൽ ആദ്യഘട്ടമാണ് അങ്കണവാടികളെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രകൃതിയോടും സമൂഹത്തിനോടും ഇണങ്ങി ജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന ഇടങ്ങളാണ് ഓരോ അങ്കണവാടികളും. നാടിനെയും നാട്ടുഭാഷയെയും സ്നേഹിക്കുന്ന സാമൂഹ്യജീവികളായി കുട്ടികളെ രൂപപ്പെടുത്തി എടുക്കുന്നതിന് വലിയ പങ്കാണ് അങ്കണവാടികൾക്കുള്ളത്. ടീച്ചർമാർക്കും ഹെൽപ്പർമാർക്കും വേണ്ട ട്രെയിനിങ്ങും നൽകിവരുന്നുണ്ട്. ആധുനികവത്കരിച്ച് ഏറ്റവും പുതിയ സൗകര്യങ്ങളോടുകൂടിയാണ് ഓരോ അങ്കണവാടി കെട്ടിടങ്ങളും നിർമ്മിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവർ മുഖാതിഥികളായി.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു വർക്കി കാരാത്രക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം ജോൺസൺ, വാർഡ് അംഗം അഞ്ജലി ഷാബു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ബിന്ദു സതീശൻ, പഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, അങ്കണവാടി പ്രവർത്തകർ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
