വെളിച്ചെണ്ണവില കൂടുന്നു; ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന

ആലപ്പുഴ: വെളിച്ചെണ്ണവില അനുദിനം കുതിക്കുമ്പോള്‍ ഭക്ഷണപ്രേമികളായ ഓരോ മലയാളിയും ആശങ്കയിലാണ്. ഈ കുതിപ്പില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. ബുധനാഴ്ച വെളിച്ചെണ്ണ കിലോയ്ക്ക് മൊത്തവില 378 രൂപയായിരുന്നു. ഒരാഴ്ച മുന്‍പ് വെളിച്ചെണ്ണയുടെ വില 363 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 15 രൂപയാണ് വര്‍ധിച്ചത്. മില്ലുകളില്‍ നിന്ന് വാങ്ങുമ്പോള്‍ കിലോയ്ക്ക് 385-390 രൂപ നല്‍കണം. വിലയിലെ ഈ കുതിപ്പില്‍ കീശ കാലിയാകാതെ പാചകം നടക്കില്ലെന്ന അവസ്ഥയാണ്.

അതേസമയം പല കുടുംബങ്ങളും മറ്റ് എണ്ണകളിലേക്ക് മാറിക്കഴിഞ്ഞു. പാം ഓയിലും സൂര്യകാന്തിയുമാണ് ഉപയോഗിക്കുന്നതെന്ന് ഇവര്‍ പറയുന്നു. രുചി കുറയാമെങ്കിലും എണ്ണതന്നെ ഉപേക്ഷിക്കേണ്ടിവരുന്നതിനെക്കാള്‍ നല്ലതല്ലേ എന്നാണ് അവരുടെ ചോദ്യം. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലകൂടിയത് ഹോട്ടലുകാരെയും ബാധിച്ചു. താങ്ങാനാകാതെ വരുമ്പോള്‍ ഉപയോഗം കുറയ്ക്കും. അതു സ്വാദിനെ ബാധിക്കും. മറ്റ് എണ്ണകള്‍ ഉപയോഗിച്ചാല്‍ രുചിവ്യത്യാസമുണ്ടാകും. അത് കച്ചവടത്തെ ബാധിക്കും. മിക്ക കൂട്ടാനും വെളിച്ചെണ്ണ അത്യാവശ്യമാണ്. വില കുതിച്ചതോടെ മായംകലര്‍ന്ന വെളിച്ചെണ്ണയും വ്യാപകമാകുന്നത് പ്രതിസന്ധിയാണ്. മോശം കൊപ്രയില്‍ ആട്ടിയെടുക്കുന്ന ഗുണമില്ലാത്ത വെളിച്ചെണ്ണ നല്ല വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നവരുണ്ടെന്നും ആക്ഷേപമുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *