
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ വെടിവഴിപാട് ഇത്തവണ ഉണ്ടാകുമോ എന്നതിൽ അനിശ്ചിതത്വം. വെടിവഴിപാട് ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമല്ലെന്ന തന്ത്രിയുടെ കത്തും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുമാണ് ഇതിന് പിന്നിൽ. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ച ടെൻഡറിൽ വെടിവഴിപാട് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കരാറിന്റെ കാലാവധി നവംബർ 15ന് അവസാനിക്കും.
ക്ഷേത്രത്തിലെ താന്ത്രികവിധികളിലോ പൂജാക്രമങ്ങളിലോ വെടിവഴിപാടിന് സ്ഥാനമില്ലെന്നും ഭക്തരുടെ നേർച്ചയായി പിന്നീട് വന്നുചേർന്നതാണെന്നുമാണ് മഹേഷ് മോഹനര് തന്ത്രിയായിരിക്കെ നൽകിയ കത്തിൽ വ്യക്തമാക്കിയതെന്നാണ് വിവരം. ഇതോടെ വെടിവഴിപാട് നിർത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് നീങ്ങാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. വിഷയത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറുമായി ബോർഡ് ചർച്ച നടത്തും.
അതേസമയം, ആറുമാസം മുൻപ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ രണ്ട് ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി വെടിവഴിപാടിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു. വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലം, കൈകാര്യം ചെയ്യുന്ന രീതി, തീർഥാടകർ കൂടുന്ന ഭാഗത്തുനിന്നുള്ള അകലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. നിലവിലെ രീതിയിൽ വെടിവഴിപാട് തുടരുന്നത് സുരക്ഷിതമല്ലെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകിയതെന്നാണ് വിവരം. 1884ലെ കേന്ദ്ര എക്സ്പ്ലോസീവ് നിയമത്തിലും 2008ലെ ചട്ടങ്ങളിലും നിർദേശിച്ചിട്ടുള്ള സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
വെടിമരുന്ന് സംഭരണകേന്ദ്രത്തിനും ജനങ്ങൾ കൂടുന്ന സ്ഥലത്തിനും നിശ്ചിത അകലം വേണമെന്നാണ് ചട്ടം. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന സന്നിധാനത്ത് ഈ വ്യവസ്ഥ പാലിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ് സുരക്ഷാ വിലയിരുത്തൽ. മൂന്ന് വർഷം മുൻപ് മാളികപ്പുറത്ത് വെടിമരുന്നിന് തീപിടിച്ച് രണ്ടുപേർ മരിച്ച സംഭവവും ഐ.ബി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് വെടിവഴിപാടിനുള്ള ലൈസൻസ്. അപകടമുണ്ടായാൽ നിയമപരമായ ഉത്തരവാദിത്വവും എക്സിക്യൂട്ടീവ് ഓഫീസർക്കാണ്.
