ZDCZC-680x450.jpg

റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നടപടി.

പുടിൻ യുദ്ധം അവസാനിപ്പിക്കാൻ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങൾ ആവശ്യമായി വന്നതെന്നും, റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്നത് ഈ എണ്ണക്കമ്പനികളാണെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.

നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിച്ച ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് ആവർത്തിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഈ വർഷം അവസാനത്തോടെ കുത്തനെ കുറയ്ക്കുമെന്ന് മോദി ഉറപ്പ് നൽകിയതായി ട്രംപ് പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽ നിന്നാണ്. എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നത് ക്രമേണയാണെങ്കിലും ഗണ്യമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവായ ചൈനയ്ക്ക് മേൽ അമേരിക്ക നിലവിൽ തീരുവ ചുമത്തിയിട്ടില്ല. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ 60 ഡോളർ വില പരിധി കാരണം സമീപ വർഷങ്ങളിൽ റഷ്യയുടെ എണ്ണ ഉപഭോക്താക്കൾ യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *