മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അണിയറ നീക്കങ്ങൾ സജീവമാകുന്നു. എൻ.സി.പി. ശരദ് പവാർ വിഭാഗം മാതൃസംഘടനയായ കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപാർട്ടികളും തമ്മിലുള്ള ലയനചർച്ചകൾ സജീവമാണെന്ന സൂചനകൾ മുതിർന്ന കോൺഗ്രസ് നേതാക്കളായ വിജയ് വഡെട്ടിവാറും സതേജ് പാട്ടീലും പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. എന്നാൽ, ഈ വാർത്തകളെല്ലാം പൂർണ്ണമായും നിഷേധിച്ച് ശരദ് പവാർ തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്.
ലയനം യാഥാർത്ഥ്യമായാൽ തന്റെ വിശ്വസ്തർക്ക് വലിയ പദവികൾ ഉറപ്പാക്കാനാണ് ശരദ് പവാർ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. വിശ്വസ്തന് മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷസ്ഥാനവും, മകളും എം.പിയുമായ സുപ്രിയ സുലെയ്ക്ക് ദേശീയ നേതൃത്വത്തിൽ പ്രധാന ചുമതലയും ഉറപ്പാക്കാനാണ് നീക്കം. അതേസമയം, കോൺഗ്രസുമായുള്ള ലയനസാധ്യതകൾ മുന്നിൽ നിർത്തി ശരദ് പവാർ എൻ.ഡി.എയുമായി രാഷ്ട്രീയ വിലപേശൽ നടത്തുകയാണെന്നും ആരോപണമുണ്ട്. സുപ്രിയ സുലെ എൻ.ഡി.എയിൽ ചേർന്ന് കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്ന തരത്തിലുള്ള ചർച്ചകളും ഇതോടൊപ്പം സജീവമാണ്.
1999-ൽ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയത്തെച്ചൊല്ലിയാണ് ശരദ് പവാർ കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിക്കുന്നത്. എന്നാൽ 2023-ൽ അനന്തരവൻ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർന്നതോടെ വലിയ പ്രതിസന്ധിയാണ് ശരദ് പവാർ നേരിടുന്നത്. നിലവിൽ 8 ലോക്സഭാംഗങ്ങളും 10 നിയമസഭാംഗങ്ങളുമുള്ള ശരദ് പവാർ പക്ഷം, തങ്ങൾ മറ്റൊരു പാർട്ടിയിലും ലയിക്കാൻ പോകുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും മഹാരാഷ്ട്ര രാഷ്ട്രീയം വരും ദിവസങ്ങളിൽ എങ്ങോട്ട് തിരിയുമെന്ന ആകാംഷയിലാണ് രാജ്യം.
