ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ഒരു സന്തോഷവാർത്ത! ‘കോൾ മി മെയ്‌ബി’ എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ കനേഡിയൻ ഗായികയും ഗാനരചയിതാവുമായ കാർലി റേ ജെപ്‌സെൻ അമ്മയാകാൻ ഒരുങ്ങുന്നു. കഴിഞ്ഞ മാസം തൻ്റെ ദീർഘകാല പങ്കാളിയും സംഗീത നിർമ്മാതാവുമായ കോൾ എംജിഎനെ (കോൾ മാർസ്ഡൻ ഗ്രീഫ്-നീൽ) വിവാഹം ചെയ്തതിന് പിന്നാലെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു എന്ന മധുര വാർത്ത പങ്കുവെച്ചത്. നവദമ്പതികളുടെ ജീവിതത്തിലെ ഈ ഇരട്ടി സന്തോഷം ആരാധകർക്കും ആവേശമായി മാറിയിരിക്കുകയാണ്.
നവംബർ 3 തിങ്കളാഴ്ചയാണ് കാർലി റേ ജെപ്‌സെൻ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ഗായിക പങ്കുവെച്ചത്. “ഓ ഹായ് ബേബി” എന്ന് എഴുതിയ ഗായിക ഒരു ചുവന്ന ഹൃദയ ഇമോജിയും പോസ്റ്റിനൊപ്പം ചേർത്തു.
ഗർഭധാരണ വാർത്തയ്ക്ക് ഒരു മാസം മുമ്പാണ് കാർലിയും കോൾ എംജിഎന്നും വിവാഹിതരായത്.
2025 ഒക്ടോബർ 4-ന് ന്യൂയോർക്ക് നഗരത്തിലെ ചെൽസി ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ദമ്പതികളുടെ ഉറ്റവരും പ്രിയപ്പെട്ടവരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഒക്ടോബർ 25-നാണ് കാർലി റേ വിവാഹ വാർത്ത പുറത്തുവിട്ടത്.
കാർലിയുടെയും കോളിൻ്റെയും പ്രണയം തുടങ്ങിയത് സംഗീതത്തിലൂടെയാണ്.
2021-ലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. 2023 ജൂലൈയിൽ കാർലി പുറത്തിറക്കിയ ‘ദി ലവ്‌ലിയസ്റ്റ് ടൈം’ എന്ന ആൽബത്തിൽ ഇരുവരും ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് ഇവരുടെ പ്രണയം പൂവണിഞ്ഞത്. 2022-ലാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. 2024 സെപ്റ്റംബറിൽ ഇൻസ്റ്റാഗ്രാമിൽ ഇവർ വിവാഹനിശ്ചയവും പ്രഖ്യാപിച്ചിരുന്നു.
സംഗീതത്തിലൂടെ ഒന്നിച്ച ഈ ദമ്പതികൾ, തങ്ങളുടെ പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോൾ, ആ ഇരട്ടി സന്തോഷം ആരാധകരും നെഞ്ചേറ്റുകയാണ്. ന്യൂയോർക്ക് സിറ്റിയിലെ സ്വപ്നതുല്യമായ വിവാഹത്തിന് പിന്നാലെ വന്ന ഈ ഗർഭധാരണ പ്രഖ്യാപനം, കനേഡിയൻ ഗായികയുടെ ജീവിതത്തിലെ ഏറ്റവും ‘ലവ്‌ലിയസ്റ്റ് ടൈം’ ആണ് എന്നതിൽ സംശയമില്ല.
