തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിൽ വെച്ച് രണ്ട് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ സുഹൃത്തായ സുമൻ ഇടപെട്ടതാണ് അക്രമത്തിന് കാരണമായത്. പ്രകോപിതരായ സഹോദരങ്ങൾ സുമനെ ബാറിൽ വെച്ചും പിന്നീട് റോഡിലിട്ടും ക്രൂരമായി മർദിക്കുകയായിരുന്നു. അവശനായ സുമനെ റോഡിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്ന കാർ യാത്രക്കാരൻ സുമനെ ഉടൻ തന്നെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബാറിലുണ്ടായിരുന്നവർ നോക്കി നിൽക്കെയാണ് അതിക്രൂരമായ ഈ മർദനം നടന്നത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
