വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും 4 ലക്ഷത്തോളം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. അടുത്ത ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്ത് തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷമാണ് മന്ത്രി വിവരങ്ങൾ പങ്കുവെച്ചത്.
2024 ഡിസംബർ 3-നാണ് എൻജിനീയർമാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യ വർഷത്തെ ലക്ഷ്യം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകൾ വരികയും 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
