ഐപിഎൽ സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിർത്താനുള്ള പോരാട്ടം തുടങ്ങിയതിന് പിന്നാലെ, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി വിരാട് കോഹ്ലി. കഴിഞ്ഞ കുറച്ചു കാലമായി കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറിയത് ചൂണ്ടിക്കാട്ടി, ആർസിബി അഞ്ച് വിദേശതാരങ്ങളുമായിട്ടാണ് കളിക്കാനിറങ്ങുന്നതെന്ന് സോഷ്യൽ മീഡിയയിൽ ചിലർ പരിഹസിച്ചിരുന്നു. ഇതിനോടാണ് കോഹ്ലി തന്റെ തനതായ ശൈലിയിൽ പ്രതികരിച്ചത്.
ആർസിബി ആരാധകനായ മിസ്റ്റർ നാഗ്സുമായുള്ള (ഡാനിഷ് സേഠ്) രസകരമായ അഭിമുഖത്തിനിടെയായിരുന്നു കോഹ്ലിയുടെ പ്രതികരണം. “എനിക്കറിയില്ല, നീ എന്തിനാണ് ഇക്കാര്യം എന്നോട് ചോദിക്കുന്നത്? ആർസിബിയിലെ വിദേശ താരങ്ങളോട് പോയി ചോദിക്ക്. ഞാൻ വിദേശ താരമാണോ?” എന്ന് ചിരിച്ചുകൊണ്ട് കോഹ്ലി തിരിച്ചു ചോദിച്ചു. ലണ്ടൻ വാസത്തെച്ചൊല്ലിയുള്ള പരിഹാസങ്ങളെ തമാശരൂപേണ തള്ളിക്കളയുകയായിരുന്നു താരം.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ തനിക്കുണ്ടായ വൈകാരികമായ മാറ്റത്തെക്കുറിച്ചും കോഹ്ലി മനസ് തുറന്നു. വർഷങ്ങളായി തോളിലുണ്ടായിരുന്ന ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെയാണ് അന്ന് തോന്നിയതെന്നും ആ രാത്രിയിൽ എല്ലാം വളരെ ലഘുവായി അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വിജയം എന്നത് വെറുമൊരു കിരീടം മാത്രമല്ലെന്നും അത് വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണെന്നും കോലി കൂട്ടിച്ചേർത്തു.
തോൽവികളിൽ നിന്ന് പലരും പാഠങ്ങൾ പഠിക്കുമെങ്കിലും ചിലർ നിരാശരാകാറുണ്ട്. എന്നാൽ വലിയൊരു അധ്വാനത്തിന് ശേഷം വിജയിക്കുമ്പോൾ അത് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രചോദനം നൽകുന്നുവെന്നും കോഹ്ലി വ്യക്തമാക്കി. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ ആർസിബിയുടെ ടോപ് സ്കോററായതും കോഹ്ലിയായിരുന്നു. സീസണിലെ രണ്ടാം മത്സരത്തിൽ ആർസിബി നാളെ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാനൊരുങ്ങുകയാണ്.
