വിനോദസഞ്ചാരം ഓരോ വ്യക്തിയുടെയും അവകാശമാണെന്നും, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ‘ബാരിയർ ഫ്രീ’ (തടസ്സരഹിത) ടൂറിസം പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ടൂറിസം വകുപ്പും ദി ഹിന്ദു ഗ്രൂപ്പും സംയുക്തമായി കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ‘കേരള ഫോർ ഓൾ’ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൗതികമായ തടസ്സങ്ങൾ നീക്കി വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനസൗഹൃദമാക്കുന്ന പുതിയൊരു സംസ്കാരം കെട്ടിപ്പെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ 1.3 ബില്യൺ ഭിന്നശേഷിക്കാരും 1.1 ബില്യൺ വയോജനങ്ങളുമുണ്ട്. അതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വിനോദസഞ്ചാരം എന്നത് ഇന്ന് ഒരു പ്രധാന ആവശ്യമായി മാറിയിരിക്കുകയാണ്. വികസന നേട്ടങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന നയമാണ് കേരളത്തിനുള്ളത്. അടിസ്ഥാന സൗകര്യ വികസനം മുതൽ ഡിജിറ്റൽ സംവിധാനങ്ങൾ വരെ ടൂറിസം മേഖലയുടെ എല്ലാ തലങ്ങളിലും ഭിന്നശേഷി സൗഹൃദപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നയരൂപീകരണമാണ് ഈ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വിനോദസഞ്ചാര മേഖലയിൽ കേരളം മികച്ച വളർച്ചയാണ് കൈവരിച്ചത്. കോവിഡിന് ശേഷം വിനോദസഞ്ചാര മേഖല വലിയ തിരിച്ചുവരവാണ് നടത്തിയത്. 2024-ൽ രണ്ടേകാൽ കോടിയോളം ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. ഇത് സർവ്വകാല റെക്കോർഡാണ്. വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനത്തിലും റെക്കോർഡ് നേട്ടമുണ്ടായി. 2024-ൽ 49,053 കോടി രൂപയാണ് ടൂറിസം വഴി കേരളത്തിന് ലഭിച്ചത്.
സഞ്ചാരികളുടെ മാറുന്ന അഭിരുചികൾക്കനുസരിച്ച് എക്കോ ടൂറിസം, കാരവൻ ടൂറിസം, സീ പ്ലെയിൻ തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചു. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ്, അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾ എന്നിവയിലൂടെ സാഹസിക ടൂറിസത്തിലും കേരളം മുന്നേറി. ഉത്തരവാദിത്വ ടൂറിസം വഴി പ്രാദേശിക ജനതയ്ക്ക് തൊഴിലും ഉപജീവനവും ഉറപ്പാക്കാനും, സ്ത്രീ സൗഹൃദ ടൂറിസം പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണത്തിന് പുതിയ വേദികൾ തുറക്കാനും സാധിച്ചു.
’കേരള ഫോർ ഓൾ’ എന്നത് കേവലം ഒരു ആശയമല്ല, അത് കേരള വികസന മാതൃകയുടെ ആപ്തവാക്യമാണ്. ലോകത്തെ ഏത് സഞ്ചാരിക്കും കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നാളേക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജന്മദിനത്തിൽ ഇറങ്ങിയ ഹിന്ദു പത്രത്തിൻ്റെ കവർ പേജിൻ്റെ കോപ്പി ദി ഹിന്ദു ഡയറക്ടർ എൻ റാം ചടങ്ങിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
സമൂഹത്തെ മതത്തിൻ്റെ പേരിൽ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന വിഭാഗീയ ശക്തികളെ ചെറുത്തുനിൽക്കുന്ന ഒരു കോട്ടയാണ് കേരളം എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ റാം പറഞ്ഞു.
ആഗോളതലത്തിലെ മികച്ച മാതൃകകളെ കേരളത്തിന് അനുയോജ്യമായ രീതിയിൽ പ്രായോഗികമാക്കുന്നതിനായി ആക്സസിബിലിറ്റി, ലിംഗസമത്വം, ഡിജിറ്റൽ ശാക്തീകരണം, ഇൻഫ്രാസ്ട്രക്ചർ ഡിസൈൻ, മൊബിലിറ്റി പ്ലാനിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഷയങ്ങളാണ് ദ്വിദിന കോൺക്ലേവിൽ ചർച്ച ചെയ്തത്.
കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, മേയർ അഡ്വ മിനിമോൾ, കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറി, ഡയറക്ടർ ജനറൽ സുമൻ ബില്ല, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, ഹിന്ദു ഗ്രൂപ്പ് ചീഫ് റവന്യൂ ഓഫീസർ സുരേഷ് ബാലകൃഷ്ണ, എഡിറ്റർ സുരേഷ് നമ്പത്ത്, സ്വയം ഓർഗനൈസേഷൻ ഫൗണ്ടർ സ്മിനു ജിൻഡാൽ തുടങ്ങിയവർ പങ്കെടുത്തു
