Home » Blog » Kerala » വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
images (79)

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് സംസ്ഥാനം നേടിയിരിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ നവീകരിച്ച ദേവികുളം യാത്രിനിവാസിന്റെയും മാട്ടുപ്പെട്ടി ബോട്ടിങ്ങ് കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും പിപിപി പദ്ധതികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രതിസന്ധികളെ മറികടന്ന് ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയും ജനങ്ങളുടെ അഭിപ്രായം നടപ്പിലാക്കിയുമാണ് വലിയ മുന്നേറ്റം സാധ്യമായത്. 2025-ല്‍ 2,58,80,365 (രണ്ട് കോടി അമ്പത്തിയെട്ട് ലക്ഷത്തി എണ്‍പതിനായിരത്തി മൂന്നുറ്റി അറുപത്തിയഞ്ച്) സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. ഒറ്റവര്‍ഷം കൊണ്ട് 11.33 ശതമാനം വിദേശ സഞ്ചാരികളുടെ വര്‍ധയും 2025-ല്‍ ഉണ്ടായി. ലോകം കേരളത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

 

കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 53 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ന്യൂയോര്‍ക്ക് ടൈംസും ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ടൈം മാഗസിനും 2026-ല്‍ ലോകത്ത് കണ്ടിരിക്കേണ്ട 26 ഡെസ്റ്റിനേഷനുകളില്‍ ഒന്നായ് റഫ് ഗൈഡ് ട്രാവല്‍ കമ്പനിയും 2026-ല്‍ കണ്ടിരിക്കേണ്ട യാത്രാ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നായി ബുക്കിംഗ് ഡോട്ട് കോം വെബ്‌സൈറ്റും കേരളത്തെ അടയാളപ്പെടുത്തുന്നു. 2026-ല്‍ ലോകത്ത് നിര്‍ബന്ധമായും അനുഭവിച്ചറിയേണ്ട 25 വിഭവങ്ങളുടെ ലോണ്‍ലി പ്ലാനറ്റ് പട്ടികയിലും കേരളത്തിന്റെ തനത് രുചിഭേദങ്ങള്‍ ഇടം നേടി.

 

ഡെസ്റ്റിനേഷന്‍ വെഡിങ്, ഡെസ്റ്റിനേഷന്‍ ചാലഞ്ച്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്, ടെലി ടൂറിസം, ക്രൂയിസ് ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. ബീച്ച് ടൂറിസം ശക്തിപ്പെടുത്തി. അഡ്വഞ്ചര്‍ ടൂറിസത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി. പൈതൃക ടൂറിസം പദ്ധതികള്‍ വിപുലീകരിച്ചു. സ്ത്രീ സൗഹൃദ ടൂറിസത്തില്‍ ലോക ശ്രദ്ധ നേടിയെടുത്തും ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിച്ചും കേരളം മികച്ച പ്രവര്‍ത്തനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

 

ദേവികുളം യാത്രിനിവാസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എ. രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. നവീകരിച്ച ദേവികുളം യാത്രിനിവാസിന്റെ ശിലാഫലകം എംഎല്‍എ അനാച്ഛാദനം ചെയ്തു.

 

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. ഈശ്വരന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. സുനില്‍ കുമാര്‍, ദേവികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ത് ചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ. എസ്, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

പുതുമോടിയില്‍ യാത്രിനിവാസ്

റെനവേഷന്‍ വര്‍ക്സ് അറ്റ് യാത്രി നിവാസ് ദേവികുളം എന്ന പദ്ധതി പ്രകാരം 98 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ദേവികുളം യാത്രി നിവാസില്‍ നടത്തിയത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ഇറിഗേഷന്‍ കോര്‍പ്പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. കെട്ടിടത്തിന്റെ നവീകരണം, ഓഫീസ് മുറി വിപുലീകരണം, അടുക്കള വിപുലീകരണം, മോഡുലാര്‍ കിച്ചന്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നവീകരണം, വൈദ്യുതീകരണ പ്രവര്‍ത്തികള്‍, പരിസരം വൃത്തിയാക്കല്‍ തുടങ്ങിയവയാണ് പൂര്‍ത്തിയയത്.

 

മനോഹര തടാകക്കാഴ്ചയൊരുക്കി മാട്ടുപ്പെട്ടി ഡാം

 

മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാമാണ് മാട്ടുപ്പെട്ടി ഡാം. ഇടുക്കി ഡിടിപിസിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാമില്‍ സ്പീഡ് ബോട്ടിങ്ങിന് സൗകര്യമുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കും വനത്തിനും നടുവിലായി സ്ഥിതി ചെയ്യുന്ന ഡാം മനോഹരമായ തടാക കാഴ്ചകള്‍ക്കും ബോട്ടിംഗിനും പറ്റിയ പ്രകൃതിരമണീയമായ ടൂറിസം കേന്ദ്രമാണ്. കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1,07,55,918.00 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കാത്തിരിപ്പ് ഷെഡ്, വൈദ്യുതി പ്രവൃത്തികള്‍, റെയിന്‍ ഷെല്‍ട്ടര്‍, നടപ്പാത, ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാ കാബിന്‍, ഇരിപ്പു ബെഞ്ചുകള്‍, സോളാര്‍ ലൈറ്റ്, പരിസര അലങ്കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി നടപ്പിലാക്കി.