പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന നില ഉറപ്പുവരുത്തുന്നന്നതിനാണ് ഈ നടപടി. ഏപ്രിൽ 22, 23 തീയതികളിൽ രാത്രി 6 മണി മുതൽ രാവിലെ 6 മണി വരെ ഇരുചക്രവാഹനങ്ങൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലികൾ പൂർണ്ണമായും നിരോധിച്ചു. അടിയന്തര ആവശ്യങ്ങൾക്കും വോട്ട് ചെയ്യാൻ പോകുന്നതിനും മാത്രമാണ് നിലവിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. പോളിംഗ് ദിവസം കുടുംബാംഗങ്ങൾക്ക് വോട്ട് ചെയ്യാൻ പോകാൻ മാത്രമേ പിൻസീറ്റ് യാത്ര അനുവദിക്കൂ. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലാണ് നിലവിൽ ഈ നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നുമാണ് നടക്കുക.
