
മുംബൈ: ഐ.ഐ.ടി ബോംബെയിലെ ഹോസ്റ്റൽ മുറികളിലെ സീലിങ് ഫാനുകൾ മാറ്റി പകരം വാൾ മൗണ്ടഡ് ഫാനുകൾ സ്ഥാപിക്കുന്നു. ഇതിനായുള്ള ഫാനുകളുടെ ആദ്യ ബാച്ച് ക്യാമ്പസിലെത്തിക്കഴിഞ്ഞു. ബി.ടെക് വിദ്യാർഥിയായ സാഹിൽ വകോഡെ ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.
എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പ് വിദ്യാർഥിയായ സാഹിലിനെ സെപ്റ്റംബർ 18 വെള്ളിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ക്യാമ്പസിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഫാനുകൾ മാറ്റിസ്ഥാപിക്കുന്ന നടപടിക്ക് വിദ്യാർഥിയുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഐ.ഐ.ടി. ബോംബെ അധികൃതരുടെ വിശദീകരണം.
രണ്ട് മാസം മുൻപ് തന്നെ ഹോസ്റ്റൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സീലിങ് ഫാനുകൾ മാറ്റാൻ തീരുമാനിച്ചിരുന്നുവെന്നും ജൂലൈയിൽ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് ഭരണവിഭാഗം വ്യക്തമാക്കുന്നത്. എന്നാൽ, രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ സീലിങ് ഫാനുകൾ മാറ്റാറുണ്ടെങ്കിലും വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾക്ക് ഫാൻ മാറ്റുന്നതിലൂടെ മാത്രം പരിഹാരമാകുമോ എന്ന് രാഷ്ട്രീയ നേതാക്കളും വിദ്യാർഥി സംഘടനകളും ചോദ്യമുയർത്തുന്നുണ്ട്.
