Home » Blog » Kerala » വിദ്യാര്‍ഥികളെ ലോകനിലവാരമുള്ള പൗരന്‍മാരാക്കും: മന്ത്രി വി ശിവന്‍കുട്ടി
PERUMPETTY-1

വിദ്യാര്‍ഥികളെ ലോകനിലവാരമുള്ള പൗരന്മാരായി വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക് നിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കിഫ്ബിയിലൂടെ 600 ല്‍ അധികം സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചു. 400 ഓളം കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉറപ്പാക്കാന്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസില്‍ സബ്ജക്ട് മിനിമം പദ്ധതി നടപ്പാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എല്ലാ പാഠപുസ്തകങ്ങളിലും ഉള്‍പ്പെടുത്തി. ഹൈടെക് പദ്ധതിയിലൂടെയും വിദ്യാലയങ്ങളിലെ റോബോട്ടിക് ലാബുകളിലൂടെയും സ്‌കൂളുകള്‍ സ്മാര്‍ട്ടായി. ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മാനുവല്‍ അടക്കമുള്ള മാറ്റം കായികമേഖലയില്‍ കൊണ്ടുവന്നു. പഠനത്തിനൊപ്പം കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കി. സ്‌കൂള്‍ കുട്ടികള്‍ക്കായി ഉച്ചഭക്ഷണ പദ്ധതിയിലൂടെ മികച്ച പോഷകാഹാരം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് മാതൃകയാകുന്ന വൈജ്ഞാനിക മുന്നേറ്റമായി റാന്നി നോളജ് വില്ലേജ് പദ്ധതി മാറിയതായി അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നിയിലെ ആദ്യ നേഴ്‌സിംഗ് കോളജിന് പ്രഥമിക അനുമതി ലഭിച്ചു. റാന്നി മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതായും എംഎല്‍എ അറിയിച്ചു.

ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജി, വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കമണ്ണില്‍, സ്ഥിരം സമിതി അധ്യക്ഷരായ സജിത സലിം, കെ കെ അനില്‍കുമാര്‍, എന്‍ കെ സുനിത, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍ ആര്‍ ബിന്ദുമോള്‍, ഉഷാ ഗോപി, സാജന്‍ വാഹപ്ലാക്കല്‍, വിനോദ് തോമസ്, രാജി റോബി, കെ ജി സനല്‍കുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി കെ തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, ഡയറ്റ് പ്രിന്‍സിപ്പല്‍ മിനി ബെഞ്ചമിന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എ കെ പ്രകാശ്, തിരുവല്ല ഡിഇഒ പി ആര്‍ മല്ലിക, പ്രഥമാധ്യാപിക എസ് ബിന്ദു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.