
ഇസാഫ് ബാങ്ക്- തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ് പങ്കാളിത്തത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ ബോർഡർലെസ് പ്രീപെയ്ഡ് മൾട്ടി കറൻസി കാർഡ്, ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസിനു കൈമാറുന്നു. തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡിന്റെ ഫോറെക്സ് കാർഡ്സ് വിഭാഗം വൈസ് പ്രസിഡന്റ് അതീഖ് ഖാൻ, ഫോറെക്സ് സർവീസസ് വിഭാഗം റീജണൽ സോണൽ ഹെഡ് സുശാന്ത് ശ്രീനിവാസ് എന്നിവർ സമീപം.
കൊച്ചി: വിദേശയാത്രക്കാർക്ക് വിദേശ കറൻസി കൈകാര്യം ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡും ചേർന്ന് ‘ബോർഡർലെസ് പ്രീപെയ്ഡ് മൾട്ടി കറൻസി കാർഡ്’ അവതരിപ്പിച്ചു. ബാങ്കിന്റെ ഫോറെക്സ് സേവനങ്ങളും രാജ്യാന്തര ബാങ്കിങ് പ്രവർത്തനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പങ്കാളിത്തത്തിന്റെ ആദ്യ കാർഡ് പുറത്തിറക്കി.
ഇസാഫ് ബാങ്കിന്റെ ബാങ്കിങ്, ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങളും തോമസ് കുക്കിന്റെ ട്രാവൽ, ഫോറെക്സ് രംഗത്തെ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതാണ് ഈ സഹകരണം. ഒറ്റ പ്രീപെയ്ഡ് കാർഡിലൂടെ ഒന്നിലധികം വിദേശ കറൻസികൾ കൈകാര്യം ചെയ്യാനും വിദേശത്തുള്ള അംഗീകൃത ഇടപാടുകൾ നടത്താനും കാർഡ് ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നു. വിദേശയാത്രയ്ക്കിടെ പണം കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യം.
“ബാങ്കിങ്, ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ മേഖലകളിലെ വൈദഗ്ധ്യം ഒരുമിപ്പിക്കുന്ന ഈ പങ്കാളിത്തം വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും വഴക്കവും ഉറപ്പാക്കും. രാജ്യാന്തര ബാങ്കിങ് സേവനങ്ങൾ വിപുലീകരിക്കുന്നതിനും ബാങ്കിന്റെ ഫോറെക്സ് ബിസിനസ് ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണിത്.” – ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു.
വിദേശ കറൻസി വിനിമയം ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ്, വിദേശയാത്രക്കാർക്കായി വിവിധ ഫോറെക്സ് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകിവരുന്നു. ഇസാഫ് ബാങ്കിന്റെ ബാങ്കിങ് ശൃംഖലയും തോമസ് കുക്കിന്റെ ഫോറെക്സ് രംഗത്തെ പരിചയസമ്പത്തും പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ സമഗ്രമായ രാജ്യാന്തര സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ചടങ്ങിൽ തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ഫോറെക്സ് കാർഡ്സ് വിഭാഗം വൈസ് പ്രസിഡന്റ് അതീഖ് ഖാനും ഫോറെക്സ് സർവീസസ് വിഭാഗം സോണൽ ഹെഡ് സുശാന്ത് ശ്രീനിവാസും പങ്കെടുത്തു. ഇസാഫ് ബാങ്കിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗിരീഷ് സി.പി., ചന്ദ്രാംഗതൻ കെ.കെ. എന്നിവരും പങ്കെടുത്തു. ആദ്യ കോ-ബ്രാൻഡഡ് കാർഡ് ഡോ. കെ. പോൾ തോമസിന് കൈമാറി.
2017ൽ ബാങ്കിങ് പ്രവർത്തനം ആരംഭിച്ച ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് റീട്ടെയ്ൽ ബാങ്കിങ്, എംഎസ്എംഇ, കാർഷിക മേഖല, ട്രഷറി, രാജ്യാന്തര ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിൽ സേവനങ്ങൾ നൽകിവരുന്നു. ബാങ്കിന്റെ ഫോറെക്സ് സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും വിദേശയാത്രക്കാർക്ക് ഉപഭോക്തൃകേന്ദ്രിതമായ രാജ്യാന്തര ബാങ്കിങ് പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകും.
