മൂന്ന് രാജ്യങ്ങളിലായി നാല് ദിവസം നീണ്ടു നിൽക്കുന്ന സുപ്രധാന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം ജോർദ്ദാനിലേക്ക് പുറപ്പെട്ടത്.
ജോർദ്ദാനിൽ എത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദ്ദാനും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാം വർഷത്തിലാണ് മോദിയുടെ ഈ യാത്ര എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. നാളെ രാവിലെ ഇന്ത്യയിലെയും ജോർദ്ദാനിലെയും വ്യവസായ പ്രമുഖരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഇതിനുശേഷം മോദി ചരിത്രപരമായ പെട്ര സന്ദർശിക്കും.
ജോർദ്ദാനിലെ പരിപാടികൾക്ക് ശേഷം മോദി എത്യോപ്യയിലേക്ക് പോകും. അവിടെ പ്രധാനമന്ത്രി അബി അഹമ്മദലിയുമായി അദ്ദേഹം ചർച്ചകൾ നടത്തും. പ്രധാനമന്ത്രി മോദി ആദ്യമായാണ് എത്യോപ്യയിൽ എത്തുന്നത്. എത്യോപ്യൻ സന്ദർശനത്തിന് ശേഷം ബുധനാഴ്ച അദ്ദേഹം ഒമാനിലേക്ക് പുറപ്പെടും. ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയ്ക്കും ഒമാനുമിടയിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിലാണ് പ്രധാനമന്ത്രിയുടെ ഈ രണ്ടാം ഒമാൻ യാത്ര.
