Home » Blog » Kerala » വിജയ്‌യും സംഗീതയും വീണ്ടും ഒന്നിക്കുന്നു? വിജയ്‌യുടെ അമ്മയുടെ ഇടപെടലിൽ ലണ്ടനിൽ നിന്നും സം​ഗീത ചെന്നൈയിലെത്തിയതായി റിപ്പോർട്ട്
19

ചെന്നൈ: തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ച വിജയ്–സംഗീത ദാമ്പത്യവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവെന്ന് സൂചന. ഇരുവരും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കുടുംബത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

27 വർഷത്തോളമായി നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കാനായി സംഗീത സ്വർണലിംഗം കോടതിയെ സമീപിച്ചെന്ന വാർത്തകൾ നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ സജീവമായിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കുടുംബവൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും മറ്റ് അടുത്ത ബന്ധുക്കളും ഇരുവരുമായും പ്രത്യേകമായി ചർച്ചകൾ നടത്തിയെന്നാണ് വിവരം. കുടുംബബന്ധങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഇരുവർക്കും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചർച്ചകൾക്ക് പിന്നാലെ ലണ്ടനിൽ കഴിഞ്ഞിരുന്ന സംഗീത ചെന്നൈയിലെ കുടുംബവീട്ടിലേക്ക് തിരിച്ചെത്തിയതായും റിപ്പോർട്ടുണ്ട്. ദമ്പതിമാർ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്നും ബന്ധത്തിലെ അകൽച്ച കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജൂൺ 22-ന് വിജയ്‌യുടെ ജന്മദിനം വരാനിരിക്കെ, അന്നോ അതിനോടനുബന്ധിച്ചോ ഇരുവരും സംയുക്തമായി ഒരു പ്രഖ്യാപനം നടത്തുമോയെന്ന ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. സോഷ്യൽ മീഡിയയിലെ നിരവധി ഫാൻസ് ഗ്രൂപ്പുകൾ ഇത്തരത്തിലുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഇതിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയ്‌യുടെ അമ്മ മുമ്പും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് അച്ഛൻ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കവും അമ്മ ശോഭ ഇടപെട്ടാണ് തീർത്തത്.

തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിലൊരാളും ഇപ്പോൾ തമിഴ്നാട്ടിലെ രാഷ്ട്രീയരംഗത്തെ പ്രധാന നേതാക്കളിലൊരാളുമായ വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഏത് വാർത്തയും വലിയ പൊതുശ്രദ്ധ നേടാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെയും സംഗീതയുടെയും ബന്ധത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളും ആരാധകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.