ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്യുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി പിഴ ചുമത്തിയ ഉത്തരവ് കോടതി ശരിവയ്ക്കുകയും വിജയ് നൽകിയ അപ്പീൽ തള്ളുകയും ചെയ്തു. ഇതോടെ താരം ഈ പിഴത്തുക അടയ്ക്കേണ്ടി വരും. 2015-16 സാമ്പത്തിക വർഷത്തിൽ മുൻനിരയിലുള്ള താരം നേടിയ അധിക വരുമാനം മറച്ചുവച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പിഴയെ ചോദ്യം ചെയ്ത് 2022-ൽ വിജയ് ഫയൽ ചെയ്ത ഹർജിയിലാണ് വിധി വന്നത്.
2015-ൽ വിജയ് നായകനായ ‘പുലി’ എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെത്തുടർന്ന് ആദായനികുതി വകുപ്പ് താരത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ പ്രകാരം വിജയ് 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന്, ആദായനികുതി നിയമത്തിലെ സെക്ഷൻ 271 AAB പ്രകാരം 1.5 കോടി രൂപ പിഴയായി ചുമത്തുകയായിരുന്നു.
എന്നാൽ, ആദായനികുതി വകുപ്പിന്റെ ഈ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും, പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും കാണിച്ചാണ് വിജയ് 2022-ൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു മുൻപ് കോടതി ഈ പിഴ ഈടാക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് വിശദമായി പരിഗണിച്ച ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് വിജയ്യുടെ വാദങ്ങൾ തള്ളി. അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്ത പക്ഷം പിഴ ചുമത്താനുള്ള വകുപ്പിന്റെ അധികാരം ശരിവെച്ച കോടതി, ആദായനികുതി വകുപ്പിന്റെ നടപടിയിൽ നിയമപരമായ തെറ്റില്ലെന്ന് നിരീക്ഷിച്ചു.
