സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ആധിപത്യത്തിന് വെല്ലുവിളിയുമായി ഇലോൺ മസ്‌കിൻ്റെ എക്‌സ്എഐ കമ്പനി ഗ്രോക്കിപീഡിയയുടെ ആദ്യ വേർഷൻ പുറത്തിറക്കി. വിക്കിപീഡിയയേക്കാൾ പത്ത് മടങ്ങ് മികച്ചതായിരിക്കും തൻ്റെ പ്ലാറ്റ്‌ഫോം എന്ന് മസ്‌ക് എക്‌സ് അക്കൗണ്ടിലൂടെ അവകാശപ്പെട്ടു. എക്‌സ്എഐ വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ പ്രയോജനപ്പെടുത്തി പൂർണമായും എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിജ്ഞാന പ്ലാറ്റ്‌ഫോമാണ് ഗ്രോക്കിപീഡിയ. ഗ്രോക്കിപീഡിയ ഡോട് കോം വഴിയും ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ വഴിയും ഇത് ആക്‌സസ് ചെയ്യാനാകും. വിക്കിപീഡിയയുടെ നിരന്തര വിമർശകനാണ് മസ്‌ക് എന്നതിനാൽ, ഈ നീക്കം എക്‌സ്എഐയുടെ തന്ത്രപരമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
യഥാർത്ഥ വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പക്ഷപാതരഹിതവും അജണ്ടകളില്ലാത്തതുമായ ഒരു ഓൺലൈൻ വിജ്ഞാനകോശം സ്ഥാപിക്കുക എന്നതാണ് ഗ്രോക്കിപീഡിയയുടെ പ്രധാന ലക്ഷ്യം എന്നാണ് മസ്‌കിൻ്റെ വാദം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളിലൊന്നായ വിക്കിപീഡിയയേക്കാൾ കൃത്യതയും മികവും ഈ പ്ലാറ്റ്‌ഫോമിനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. നിലവിൽ, ഗ്രോക്കിപീഡിയ v0.1-ൽ ഏകദേശം 9 ലക്ഷത്തോളം ലേഖനങ്ങൾ ലഭ്യമാണ്. ലളിതമായ ഡിസൈനിലുള്ള വെബ്‌സൈറ്റിൽ സെർച്ച് ബാറിൽ വിഷയം തിരഞ്ഞാൽ വിക്കിപീഡിയ മാതൃകയിൽ തന്നെ സജഷനുകൾ തെളിയും.
വിക്കിപീഡിയയുടെ കടുത്ത വിമർശകനായ ഇലോൺ മസ്‌ക്, ഫണ്ടിംഗ് സുതാര്യമല്ലെന്നും പ്ലാറ്റ്‌ഫോം ഇടതുപക്ഷ ലിബറൽ പക്ഷപാതത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മുൻപ് ആരോപിച്ചിരുന്നു. 2023 ഒക്‌ടോബറിൽ വിക്കിപീഡിയയുടെ പേര് താൻ പറയുന്ന രീതിയിലേക്ക് മാറ്റിയാൽ ഒരു ബില്യൺ ഡോളർ നൽകാമെന്ന് പറഞ്ഞ് മസ്‌ക് പരിഹസിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് മസ്‌ക് ഇപ്പോൾ ഗ്രോക്കിപീഡിയയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
