യുഡിഎഫ് അധികാരത്തിൽ വന്നാൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണികൾ രംഗത്തിറങ്ങിയതോടെ കോൺഗ്രസിലെ നേതൃതർക്കം പരസ്യമാകുന്നു. തൊടുപുഴയിലും കണ്ണൂരിലും സതീശനെ പിന്തുണച്ച് കൂറ്റൻ ഫ്ലക്സുകൾ ഉയർന്നപ്പോൾ, മൂവാറ്റുപുഴയിൽ അദ്ദേഹത്തിനെതിരെ പോസ്റ്റർ പ്രതിഷേധവും അരങ്ങേറി.
തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം ടീം യുഡിഎഫ് എന്ന പേരിൽ ഉയർന്ന ഫ്ലക്സിൽ “പട നയിച്ചവൻ നാട് നയിക്കും” എന്ന വാചകമാണുള്ളത്. വി.ഡി. സതീശനെ ‘നിലപാടിന്റെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് “നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡാണ് പ്രാദേശിക കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ പ്രത്യക്ഷപ്പെട്ടത്.
എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ ലഭിച്ചത് വി.ഡി. സതീശനാണെന്നും ജനവികാരം പരിഗണിച്ചു വേണം തീരുമാനം എടുക്കാനെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വ്യക്തമാക്കിയതോടെ സതീശൻ ക്യാമ്പ് വലിയ ആവേശത്തിലാണ്. എന്നാൽ ഇതിനെതിരെ മൂവാറ്റുപുഴയിൽ രൂക്ഷമായ ഭാഷയിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.”പി.ആർ. വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിക്കാൻ ശ്രമിക്കുന്നു” എന്നാണ് മൂവാറ്റുപുഴയിലെ പോസ്റ്ററിലെ ആരോപണം. മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടങ്ങിയ മുഖ്യമന്ത്രി ചർച്ചകൾ അധിക്ഷേപങ്ങളിലേക്ക് വഴിമാറിയതോടെ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഘടകകക്ഷികൾ കൂടി ആശങ്ക അറിയിച്ച സാഹചര്യത്തിൽ, സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ നിയന്ത്രിക്കാൻ കെപിസിസിക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ഹൈക്കമാൻഡ്. എന്നിരുന്നാലും, അണികൾക്കിടയിലെ ഈ ‘ഫ്ലക്സ് യുദ്ധം’ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
