Home » Blog » Kerala » ​’വാഴ 2′ മിസ്സ് ചെയ്യരുത്; സിനിമ കണ്ട അനുഭവം പങ്കുവെച്ച് കാളിദാസ് ജയറാം
KALIDAS-680x450

തീയേറ്ററിൽ പോയി ‘വാഴ 2’ കാണാത്തതിൽ താൻ സ്വയം പഴിക്കുകയാണെന്ന് നടൻ കാളിദാസ് ജയറാം. ഒടിടിയിൽ ചിത്രം കണ്ടതിന് ശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലാണ് താരം സിനിമയെയും അണിയറപ്രവർത്തകരെയും വാനോളം പുകഴ്ത്തിയത്. സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു കാളിദാസിന്റെ പോസ്റ്റ്.

 

ചിത്രത്തിലെ വൈകാരിക നിമിഷങ്ങൾ തന്നെ വല്ലാതെ സ്വാധീനിച്ചുവെന്ന് കാളിദാസ് പറഞ്ഞു. പ്രത്യേകിച്ച് അലനും സഹോദരിയും തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിരിക്കുന്നത് കണ്ടപ്പോൾ സ്വന്തം സഹോദരി മാളവികയുമായുള്ള തന്റെ ബന്ധമാണ് ഓർമ്മ വന്നതെന്ന് താരം കുറിച്ചു. “ഞാനല്ലാതെ മറ്റാരാണ്?” എന്ന് അലൻ ചോദിക്കുന്ന രംഗം സഹോദര ബന്ധത്തിന്റെ കാതലാണെന്നും കാളിദാസ് കൂട്ടിച്ചേർത്തു.

 

ഹാഷിർ, അലൻ ബിൻ സിരാജ്, വിനായക് തുടങ്ങിയ യുവതാരങ്ങളുടെയും ബിജു കുട്ടൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരുടെയും പ്രകടനത്തെ താരം അഭിനന്ദിച്ചു. നടൻ എന്ന നിലയിൽ അൽഫോൻസ് പുത്രന്റെ പ്രകടനം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

 

മീനുകളിൽ തുടങ്ങി രണ്ട് ഗോൾഡ് ഫിഷുകളിൽ അവസാനിക്കുന്ന സിനിമയുടെ കാവ്യാത്മകമായ ശൈലി ഒരു മനുഷ്യൻ എന്ന നിലയിൽ സംവിധായകന്റെ വിജയമാണെന്നും, സിനിമയെ നമ്മൾ എന്തിനാണ് ഇത്രയധികം സ്നേഹിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നാണ് ‘വാഴ 2’ എന്നും പറഞ്ഞാണ് കാളിദാസ് കുറിപ്പ് അവസാനിപ്പിച്ചത്. താരത്തിന്റെ പോസ്റ്റിന് നന്ദി അറിയിച്ച് സിനിമയുടെ അണിയറപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.