ഫോം വീണ്ടെടുക്കാൻ വിരാട് കോഹ്ലി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ 240 റൺസ് നേടി മികച്ച ഫോമിലായിരുന്ന കോഹ്ലിയുടെ പ്രകടനത്തെ മുൻനിർത്തിയാണ് കൈഫിന്റെ പ്രതികരണം. ഇടവേളകൾ എടുക്കുമ്പോഴും കളിക്കളത്തിലേക്ക് മടങ്ങിയെത്തി സ്ഥിരതയോടെ റൺസ് സ്കോർ ചെയ്യുന്ന കോഹ്ലിയുടെ രീതി അത്ഭുതപ്പെടുത്തുന്നതാണെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
മുഹമ്മദ് കൈഫിന്റെ വാക്കുകൾ
“ഇടവേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു താരമായി വിരാട് മാറിയിരിക്കുകയാണ്. അദ്ദേഹം വരുന്നു, സ്ഥിരതയോടെ റൺസ് നേടുന്നു, പിന്നീട് ലണ്ടനിലേക്ക് മടങ്ങുന്നു. നിരന്തരം ക്രിക്കറ്റ് കളിക്കാത്ത സാഹചര്യത്തിൽ ഇത്രയും വലിയ ഫോം നിലനിർത്തുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ കോഹ്ലി അത് സാധ്യമാക്കുന്നു. അദ്ദേഹത്തിന്റെ കായികക്ഷമതയും രാജ്യത്തിന് വേണ്ടി കളിക്കാനുള്ള അഭിനിവേശവും പകരം വെക്കാനില്ലാത്തതാണ്.”
കോഹ്ലി ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങേണ്ടതില്ലെന്ന് കൈഫ് ഉറപ്പിച്ചു പറയുന്നു. “ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ പാഷൻ മറ്റൊരിടത്തു നിന്നും വാങ്ങാൻ കഴിയുന്നതല്ല. എവിടെ നിന്നാണ് അദ്ദേഹം ഇത്രയും എനർജി കണ്ടെത്തുന്നത് എന്ന് അറിയില്ല. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ പോലും കോഹ്ലിയായിരുന്നു ഇന്ത്യയുടെ ഏക പ്രതീക്ഷ. ഇപ്പോഴും ഒറ്റയ്ക്ക് ഒരു ടീമിനെതിരെ പോരാടാൻ അദ്ദേഹത്തിന് കരുത്തുണ്ട്,” കൈഫ് തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
