നാടിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാനും വിവേചനങ്ങളില്ലാതെ പ്രതികരിക്കാനും കുട്ടികൾ വരച്ച് വളരണമെന്ന് പ്രശസ്ത നടൻ ഹരിശ്രീ അശോകൻ. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ചിൽഡ്രൻസ് പാർക്കിൽ സംഘടിപ്പിച്ച ‘ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കുഞ്ഞുങ്ങൾ നടത്തുന്ന ഓരോ പരീക്ഷണങ്ങളും അവരുടെ ഭാവനയെ ഉണർത്തുന്നവയാണ്. കുട്ടിക്കാലത്ത് ഞാനും വെറുതെ വരച്ചും പാട്ടുപാടിയും നടക്കുമായിരുന്നു. അത്തരം കലാപഠനങ്ങൾ കുരുന്നുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുമുള്ള മികച്ച മാധ്യമമാണ്. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ നേരത്തെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
വെറും ഏഴു വർഷത്തെ ജീവിതത്തിനിടയിൽ ഇരുപത്താറായിരത്തിലധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ ക്ലിന്റിന്റെ സ്മരണ പുതുക്കിയ ചടങ്ങിൽ മാതാവ് ചിന്നമ്മയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ക്ലിന്റിന്റെ ജീവിതം പ്രമേയമായ സിനിമയിൽ ക്ലിന്റായി വേഷമിട്ട മാസ്റ്റർ അലോക് അതിഥിയായി എത്തി.
ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി. സുമേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി . സമിതി ഭാരവാഹികളായ മീരാദർശക്, കെ. ജയപാൽ, എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ, കൊച്ചി നഗരസഭാംഗം കെ.പി.പി. കൃഷ്ണകുമാർ, ചിത്രകാരൻ സുനിൽ ലിനസ് ഡെ എന്നിവർ പങ്കെടുത്തു.
ജില്ലാതല മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 150 പ്രതിഭകളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മത്സര വിജയികൾ:
എൽ.പി വിഭാഗം: ഒന്നാം സ്ഥാനം; പാർവണ പ്രവീൺ (ആലപ്പുഴ), ശ്രീ നോയ് (പാലക്കാട്) –
രണ്ടാം സ്ഥാനം; അദവ്യ ശ്രീജിത്ത് (കണ്ണൂർ) മൂന്നാം സ്ഥാനം: പത്മശ്രീ ശിവകുമാർ (ആലപ്പുഴ)
യു.പി വിഭാഗം: ഒന്നാം സ്ഥാനം; ശിവദ കെ. (കണ്ണൂർ) – അവന്തിക പി. നായർ (ആലപ്പുഴ), രണ്ടാം സ്ഥാനം; നവനീത് കൃഷ്ണ എസ്. (പത്തനംതിട്ട)
മൂന്നാം സ്ഥാനം – പാർത്ഥവി ആർ. (കോഴിക്കോട്)
ഹൈസ്കൂൾ വിഭാഗം:ഒന്നാം സ്ഥാനം; കൃതീഷ് (തൃശൂർ)
രണ്ടാം സ്ഥാനം; ശ്രീതു ദത്ത് (കൊല്ലം), നമീത എസ്.യു. (എറണാകുളം),
മൂന്നാം സ്ഥാനം: ശ്രീഹരി പി.ആർ. (കണ്ണൂർ)
ഹയർ സെക്കൻഡറി വിഭാഗം:
ഒന്നാം സ്ഥാനം; ഹർഷ പ്രമോദ് (കണ്ണൂർ), മാനസ മീര (ആലപ്പുഴ)
രണ്ടാം സ്ഥാനം; അലീന എ.പി. (തിരുവനന്തപുരം), അനന്യ എസ്. സുഭാഷ് (കൊല്ലം) – മുഹമ്മദ് റാഹീൽ (കണ്ണൂർ) മൂന്നാം സ്ഥാനം: അഭിനവ് കെ.എം. (തൃശൂർ)
