ബെംഗളൂരു: വിവാഹാലോചനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എതിർത്ത അസിസ്റ്റന്റ് പ്രൊഫസറായ മകളെ കോളേജിലെത്തി ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ അധ്യാപികയായ ലക്ഷ്മി ദുർഗയ്ക്കാണ് നെഞ്ചിലും കഴുത്തിലും വയറ്റിലും കുത്തേറ്റത്. സംഭവത്തിൽ ടാക്സി ഡ്രൈവറായ പിതാവ് നാഗേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 25-ന് വൈകിട്ട് മൂന്നുമണിയോടെ ലക്ഷ്മി ദുർഗ ജോലി ചെയ്യുന്ന കോളേജിലെ ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡിയുടെ മുറിയിൽ വെച്ചായിരുന്നു ആക്രമണം. മകൾക്കായി കൊണ്ടുവന്ന വിവാഹാലോചനയിൽ, പ്രതിശ്രുതവരനിൽ നിന്ന് 40 ലക്ഷം രൂപ നാഗേന്ദ്ര ആവശ്യപ്പെട്ടിരുന്നു. മകളുടെ വിദ്യാഭ്യാസത്തിനായി താൻ ഒരുപാട് പണം ചെലവഴിച്ചുവെന്നായിരുന്നു ഇയാളുടെ ന്യായീകരണം. 40 ലക്ഷം രൂപ തന്നാൽ പകരം വിവാഹശേഷം മകൾക്ക് ലഭിക്കുന്ന മുഴുവൻ ശമ്പളവും ഭർത്താവിന് നൽകാൻ അനുവദിക്കാമെന്നും ഇയാൾ ഉറപ്പുനൽകി.
ഈ അന്യായമായ ആവശ്യത്തെ ലക്ഷ്മി ദുർഗയും അമ്മയും എതിർത്തു. തുടർന്നുണ്ടായ കുടുംബവഴക്കിന്റെ തുടർച്ചയായാണ് കൈയിൽ കരുതിയ കത്തിയുമായി നാഗേന്ദ്ര കോളേജിലെത്തി മകളെ ആക്രമിച്ചത്. അക്രമത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട നാഗേന്ദ്രയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ദുർഗ ചികിത്സയിലാണ്.
