കാമറൂണിൽ വീണ്ടും പോൾ ബിയയുടെ ഭരണകാലം തുടരും. വിവാദങ്ങൾ നിറഞ്ഞ തെരഞ്ഞെടുപ്പിൽ 53.7 ശതമാനം വോട്ടുകൾ നേടിയാണ് പോൾ ബിയ എട്ടാം തവണയും വിജയിച്ചത്. ഇതോടെ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നിലവിലെ രാഷ്ട്രത്തലവനെന്ന പദവി നിലനിർത്തി. നിലവിൽ 92 വയസ്സാണ് ഇദ്ദേഹത്തിന്.
പ്രതിപക്ഷ സ്ഥാനാർത്ഥി ഇസ്സ ചിറോമ ബക്കാരിയ്ക്ക് 35.2 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ താൻ വിജയിച്ചതായി ബക്കാരി അവകാശപ്പെട്ടിരുന്നു. എന്നാൽ ഭരണകക്ഷിയായ കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് അത് നിഷേധിച്ചു. “സമാധാനപരവും ഐക്യവുമായ, സമൃദ്ധമായ കാമറൂൺ പുനർനിർമ്മിക്കാൻ നമുക്ക് ഒരുമിച്ച് കഴിയും. എന്നെ വീണ്ടും വിശ്വസിച്ചതിന് നന്ദി.”- ഫലപ്രഖ്യാപനത്തിന് പിന്നാലെ പോൾ ബിയ പറഞ്ഞു.
ഒക്ടോബർ 12-ന് നടന്ന തിരഞ്ഞെടുപ്പ് വ്യാപകമായ അക്രമങ്ങൾക്കിടെയാണ് നടന്ന് പോയത്. ഫലം പ്രഖ്യാപനത്തിന് മുൻപ് ബക്കാരിയുടെ അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും, സുരക്ഷാ സേനയുമായി ഏറ്റുമുട്ടലും ഉണ്ടായി. ഡുവാലയിൽ നടന്ന പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടതായും, അക്രമം അടുത്ത ദിവസവും തുടരുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
