Home » Blog » Kerala » വനിതാ ടീമിനെ വിലക്കാതെ പാകിസ്ഥാൻ; ഇന്ത്യയെ നേരിടാൻ പാക് വനിതകൾ വരുന്നു
gfg-680x450

ടി20 ലോകകപ്പിൽ പുരുഷ ടീം ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിരോധത്തിലാകുമ്പോഴും, വനിതാ ക്രിക്കറ്റിൽ ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഫെബ്രുവരി 15-ന് ബാങ്കോക്കിൽ നടക്കുന്ന ‘റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ’ പാകിസ്ഥാൻ വനിതാ എ ടീം ഇന്ത്യ എ ടീമിനെ നേരിടും. പുരുഷ ടീമിനോട് ഇന്ത്യക്കെതിരെ കളിക്കേണ്ടെന്ന് നിർദ്ദേശം നൽകിയ പി.സി.ബി, വനിതാ ടീമിനോട് പിന്മാറാൻ ആവശ്യപ്പെട്ടില്ലെന്നത് കൗതുകകരമാണ്.

എട്ട് ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ എ ടീമുകൾക്ക് പുറമെ യു.എ.ഇ, മലേഷ്യ, നേപ്പാൾ, തായ്‌ലൻഡ് ടീമുകളും മാറ്റുരയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ഗ്രൂപ്പിലാണ് പാകിസ്ഥാനും ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 13-ന് യു.എ.ഇയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. അന്നുതന്നെ പാകിസ്ഥാൻ നേപ്പാളിനെയും നേരിടും.

ടി20 ലോകകപ്പിലെ പ്രധാന മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ദിവസം തന്നെ അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയുമായി കളിച്ചിരുന്നു. ആ മത്സരത്തിൽ 58 റൺസിന് തോറ്റ പാകിസ്ഥാൻ പുറത്താവുകയും ഇന്ത്യ സെമിയിലേക്ക് മുന്നേറുകയും ചെയ്തു. സൽമാൻ അലി ആഗ നയിക്കുന്ന സീനിയർ പുരുഷ ടീമിനെ മാത്രം ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് മാറ്റിനിർത്തുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. തിരഞ്ഞെടുത്ത മത്സരങ്ങൾ മാത്രം ബഹിഷ്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐ.സി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പാകിസ്ഥാൻ നിലപാട് മാറ്റിയിട്ടില്ല. ബഹിഷ്കരണവുമായി മുന്നോട്ട് പോയാൽ പാക് ക്രിക്കറ്റ് ബോർഡിന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.