ദുൽഖർ സൽമാൻ നിർമ്മാതാവായ ‘ലോക’ എന്ന ചിത്രം മലയാള സിനിമാ വ്യവസായത്തിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറിയിരുന്നു. ആഗോളതലത്തിൽ 300 കോടിയിലധികം രൂപ നേടി നിരവധി റെക്കോർഡുകൾ തകർത്താണ് ഈ ബ്ലോക്ക്ബസ്റ്റർ സിനിമ പ്രദർശനം അവസാനിപ്പിച്ചത്. ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘കിളിയെ കിളിയെ’ യുടെ റീമിക്സ് വേർഷൻ സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ, ഇപ്പോൾ അതേ ഗാനത്തിനൊപ്പം ചുവടുവെച്ച് എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ.
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാന്ത’യുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പരിപാടിയിൽ വെച്ചാണ് അദ്ദേഹം ഹിറ്റ് ഗാനം ‘കിളിയെ കിളിയെ’ക്കൊപ്പം ചുവടുവെച്ചത്. കാന്തയിലെ നായികയായ ഭാഗ്യശ്രീയും ദുൽഖറിനൊപ്പം ഡാൻസ് ചെയ്തത് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതേസമയം, അഞ്ച് ഭാഗങ്ങളുള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രമായ ലോക ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിലൂടെ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ചിത്രത്തിൽ, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.
Also Read: ‘എക്കോ’ ചിത്രത്തിൻ്റെ റിലീസ് തീയതി എത്തി
അതേസമയം ദുൽഖർ സൽമാന്റെ പുതിയ ചിത്രം ‘കാന്ത’ നവംബർ 14-ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം എന്ന സൂചന നൽകുന്ന ട്രെയിലർ ഇതിനോടകം ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. വില്ലൻ ഭാവങ്ങളുള്ള ഒരു കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത് എന്ന സൂചന ട്രെയിലർ നൽകുന്നു. പ്രമുഖ നടൻ റാണ ദഗ്ഗുബതി പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ സെൽവമണി സെൽവരാജാണ്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം, രണ്ട് വലിയ കലാകാരന്മാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിന്റെ കഥയാണ് പറയുന്നതെന്നും സൂചനയുണ്ട്.
