Home » Blog » Kerala » ലാപ്ടോപ്പുകളും ഫോണുകളും വിലയേറിയേക്കും; ചിപ്പ് വില വർദ്ധനവ് പ്രഖ്യാപിച്ച് ക്വൽക്കോം
images (66)

പ്രമുഖ പ്രോസസ്സർ നിർമ്മാതാക്കളായ ക്വാൽകോം ചിപ്പുകളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയ്ക്ക് വരുംദിവസങ്ങളിൽ വില വർദ്ധിക്കുമെന്ന് ഉറപ്പായി. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 1-ന് ശേഷം അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിലയായിരിക്കുമെന്ന് ക്വാൽകോം സ്മാർട്ട്‌ഫോൺ നിർമ്മാണ കമ്പനികളെ അറിയിച്ചിട്ടുണ്ട്.

 

ലോകമെമ്പാടും ചിപ്പ് നിർമ്മാണത്തിനാവശ്യമായ പ്രധാന ഘടകങ്ങളുടെ ദൗർലഭ്യം നിർമ്മാണച്ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചു. ബദൽ വിതരണ ശൃംഖലകൾ വഴി നിർമ്മാണ സാമഗ്രികൾ സംഭരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനാലാണ് വില കൂട്ടാൻ നിർബന്ധിതരായതെന്ന് ക്വാൽകോം വ്യക്തമാക്കുന്നു. സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയ പ്രമുഖ ആൻഡ്രോയിഡ് ബ്രാൻഡുകൾ പ്രോസസ്സറുകൾക്കായി ക്വാൽകോമിനെയാണ് ആശ്രയിക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ വിൻഡോസ് പിസികൾ, സ്മാർട്ട് ഗ്ലാസുകൾ, ഓട്ടോമോട്ടീവ് സിസ്റ്റങ്ങൾ എന്നിവയെയും ഇത് ബാധിക്കും.

 

ഓരോ ചിപ്പിനും എത്രത്തോളം വില കൂടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രോസസ്സർ വില ഉയരുന്നതോടെ ഉപകരണ നിർമ്മാതാക്കൾ ആ തുക ഉപഭോക്താക്കളിലേക്ക് ഈടാക്കാനാണ് സാധ്യത. മെമ്മറി ചിപ്പുകളുടെ ലഭ്യതക്കുറവ് മൂലം വരാനിരിക്കുന്ന ഗൂഗിൾ പിക്‌സൽ 11 സീരീസിനും മറ്റ് പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കും വില വർദ്ധിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ക്വാൽകോമിന്റെ ഈ നീക്കം ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുന്ന പുതിയ ഫോണുകളുടെ വിലയിൽ പ്രകടമാകുമെന്നാണ് കരുതുന്നത്.