വടകര: കോഴിക്കോട് വടകരയിൽ എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിക്കെതിരെ സ്കൂളുകളിൽ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നതായി സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കിയ കീർത്തനയ്ക്ക് പിന്നാലെ, കേസിലെ രണ്ടാം പ്രതിയും താത്കാലിക അധ്യാപികയുമായ കാവ്യയെയും പിരിച്ചുവിട്ടുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപികമാരാണ് ഇരുവരും.
മയക്കുമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുകയും, ലഹരി എത്തിച്ചുനൽകാൻ ആവശ്യക്കാർക്ക് ഗൂഗിൾ മാപ്പ് ലൊക്കേഷൻ അയച്ചുനൽകുകയുമായിരുന്നു ഇവരുടെ രീതി. കീർത്തനയുടെയും പ്രധാന ലഹരി സംഘാംഗങ്ങളുടെയും അക്കൗണ്ടുകളിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. 2 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര സ്വദേശി സഫ്വാനിൽ നിന്ന് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ ലഭിച്ച വിവരങ്ങളാണ് അധ്യാപികമാരുടെ പങ്കിലേക്ക് പോലീസിനെ നയിച്ചത്. അധ്യാപക പരിശീലനങ്ങളും വിദ്യാലയങ്ങളിലെ ഗുണനിലവാര പരിശോധനയും നടത്തേണ്ട അധ്യാപികമാരെയാണ് ലഹരിസംഘം പ്രധാന കണ്ണികളാക്കിയത്. കേസിൽ മറ്റ് അധ്യാപകർക്ക് പങ്കുണ്ടോയെന്നും, ഇവർക്ക് പണം അയച്ചു നൽകിയവരെയും മയക്കുമരുന്ന് എത്തിച്ചുനൽകിയ പ്രധാന കൈകളെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
