കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് ലിമിറ്റഡ് ലക്നൗ പ്ലാന്റിൽ നിന്ന് 10 ലക്ഷം വാണിജ്യ വാഹനങ്ങൾ ഉത്പാദിപ്പിച്ഛ് അവിസ്മരണീയ നേട്ടം കൈവരിച്ചു. 1992-ൽ പ്രവർത്തനം ആരംഭിച്ച ഈ പ്ലാന്റ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഉത്തർപ്രദേശിലെ വ്യവസായിക വളർച്ച, സാമ്പത്തിക വളർച്ച, നൈപുണ്യ വികസനം, സുസ്ഥിരമായ ഉപജീവനമാർഗ്ഗം എന്നിവയിൽ വലിയ സംഭാവന നൽകി വരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി സീറോ എമിഷൻ ഇലക്ട്രിക്ക് ബസ് പുറത്തിറക്കിയതോടെ ഹരിത ഗതാഗതത്തിലേക്കുള്ള കമ്പനിയുടെ പ്രതിബദ്ധതയും വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ നെറ്റ് സീറോ 2070 ലക്ഷ്യത്തിനും ടാറ്റ മോട്ടോഴ്സിന്റെ 2045 നെറ്റ് സീറോ ലക്ഷ്യത്തിനും ഇത് പിന്തുണ നൽകുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടാറ്റ സൺസ് ലിമിറ്റഡ് ചെയര്മാന് എൻ. ചന്ദ്രശേഖർ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് വാഗ്, എന്നിവർ പങ്കെടുത്തു.
ഏകദേശം 600 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന ലഖ്നൗ പ്ലാന്റ്, വർഷത്തിൽ ഒരു ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ആധുനിക ഉൽപാദന കേന്ദ്രമാണ്. 8,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ പ്ലാന്റ്, 100% പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന “വാട്ടർ പോസിറ്റീവ്” സൗകര്യവുമാണ്. നൈപുണ്യ വികസന പരിശീലനങ്ങൾ, അപ്രന്റീസ്ഷിപ്പ് പദ്ധതികൾ, ഉൾക്കൊള്ളുന്ന തൊഴിൽ അവസരങ്ങൾ എന്നിവയിലൂടെ പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കും ഈ യൂണിറ്റ് ശക്തമായ പിന്തുണ നൽകുന്നു.
സുസ്ഥിരതയും ആധുനിക സാങ്കേതികവിദ്യയും കൂട്ടിച്ചേർത്ത ഈ ഉൽപാദന കേന്ദ്രം, ഇന്ത്യയുടെ ഭാവി ഗതാഗത സംവിധാനങ്ങൾ കൂടുതൽ ശുദ്ധവും കാര്യക്ഷമവുമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി അധികൃതർ അറിയിച്ചു.
