കൊച്ചി: വിദ്യാർത്ഥികളിൽ റോബോട്ടിക്സ്, നിർമ്മിത ബുദ്ധി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വോഡഫോൺ ഐഡിയയുടെ സിഎസ്ആർ വിഭാഗമായ വി ഫൗണ്ടേഷനും എറിക്സണും ചേർന്ന് ‘റോബോത്സവ്’ എന്ന പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര-സാങ്കേതിക-എഞ്ചിനീയറിംഗ്-ഗണിത മേഖലകളോട് താല്പര്യവും നവീകരണ ചിന്തയും വളർത്താനാണ് ഈ ഇന്റർ-സ്കൂൾ റോബോട്ടിക്സ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.
റോബോട്ടിക്സ് ലാബ് പ്രോഗ്രാമിന്റെ ഭാഗമായി വിജ്ഞാന പങ്കാളിയായ മൊയിനി ഫൗണ്ടേഷനുമായി സഹകരിച്ചാണ് https://robotsav.org/ എന്ന വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
റോബോട്ടിക്സ്, 3ഡി പ്രിന്റിംഗ്, പ്രോഗ്രാമിംഗ്, വെർച്വൽ റിയാലിറ്റി, ജനറേറ്റീവ് എഐ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. ഓൺലൈൻ-ഓഫ്‌ലൈൻ പഠനാനുഭവങ്ങൾക്ക് പുറമെ, വെബ്സൈറ്റ് വഴി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ക്വിസ്, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാം. കൂടാതെ ബ്ലോഗുകളിലൂടെയും പ്രത്യേകം തയ്യാറാക്കിയ പഠന സാമഗ്രികളിലൂടെയും വിദ്യാർത്ഥികൾക്ക് തങ്ങളുടെ അറിവ് വർദ്ധിപ്പിക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് സാങ്കേതികവിദ്യകൾ പഠിക്കാനും നൈപുണ്യം വികസിപ്പിക്കാനും ഈ വെബ്സൈറ്റ് സഹായിക്കും. വരും മാസങ്ങളിൽ വിദ്യാർത്ഥികൾക്കായി കൂടുതൽ ഓഫ്‌ലൈൻ മത്സരങ്ങളും ആരംഭിക്കും.
വിദ്യാർത്ഥികളിൽ റോബോട്ടിക്സ്, എഐ പഠനം എളുപ്പമാക്കി ‘ഡിജിറ്റൽ ഇന്ത്യ’യ്ക്ക് കരുത്തേകുകയാണ് റോബോത്സവിന്റെ ലക്ഷ്യമെന്നും സാങ്കേതികവിദ്യയുടെ ലോകം പര്യവേക്ഷണം ചെയ്യാനും, പുതിയ ആശയങ്ങൾ കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോം കുട്ടികളെ സഹായിക്കുമെന്നും വോഡഫോൺ ഐഡിയ ചീഫ് റെഗുലേറ്ററി ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഓഫീസറും വി ഫൗണ്ടേഷൻ ഡയറക്ടറുമായ അംബിക ഖുറാന പറഞ്ഞു.
കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ റോബോട്ടിക്സ്, എഐ എന്നിവ പരിചയപ്പെടുത്തുന്നതിലൂടെ അവരുടെ ജിജ്ഞാസ വർദ്ധിപ്പിക്കാനും പ്രശ്നപരിഹാര ശേഷി ശക്തിപ്പെടുത്താനും വരുംതലമുറയിലെ മികച്ച ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് എറിക്സൺ ഇന്ത്യയുടെ സസ്റ്റൈനബിലിറ്റി ആൻഡ് കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി മേധാവി സഹർഷ് സൈമൺ ഡേവിഡ് വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 20 റോബോട്ടിക്സ് ലാബുകളിലൂടെ പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. പുതിയ വെബ്സൈറ്റിലൂടെ ഈ മുന്നേറ്റം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനും ഇന്ത്യൻ സാങ്കേതിക രംഗത്തെ വരുംതലമുറയെ വാർത്തെടുക്കാനുമാണ് വി ഫൗണ്ടേഷനും എറിക്സണും ലക്ഷ്യമിടുന്നത്.
