Home » Blog » kerala Max » റോഡിലെ ‘മരണപ്പാച്ചിൽ’ തടയാൻ ദുബായ് പോലീസ്, നിയമലംഘകർക്ക് കനത്ത പിഴ
bike

ദുബായ്: അതിവേഗത്തിൽ സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഡെലിവറി റൈഡർമാർ നടത്തുന്ന മരണപ്പാച്ചിൽ ദുബായ് റോഡുകളിൽ വൻ ഭീതിയുണർത്തുന്നു. കഴിഞ്ഞ വർഷം മാത്രം ഡെലിവറി ബൈക്കുകൾ ഉൾപ്പെട്ട 80,000 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹൈവേകളിൽ വലിയ വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ബൈക്കുകൾ മറ്റു ഡ്രൈവർമാരുടെ നിയന്ത്രണം തെറ്റിക്കുന്നതും അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്.

ആറുവരി പാതകളിൽ അവസാന രണ്ട് വരികളിൽ മാത്രമേ ബൈക്കുകൾക്ക് പ്രവേശനമുള്ളൂവെങ്കിലും പലപ്പോഴും റൈഡർമാർ ഇത് ലംഘിക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന ഡ്രൈവർമാർക്ക് ആദ്യഘട്ടത്തിൽ 500 ദിർഹമാണ് പിഴ. രണ്ടാമതും നിയമം ലംഘിച്ചാൽ 700 ദിർഹവും മൂന്നാം തവണ ലൈസൻസ് റദ്ദാക്കുന്നതുമുൾപ്പെടെയുള്ള കർശന ശിക്ഷകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമിതവേഗതയിൽ പായുന്നവർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ചുമത്തും.

Also Read:ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച; സൗദിയിൽ തൊഴിലുടമകൾക്ക് 40 ലക്ഷം റിയാൽ പിഴ

ജീവൻ പണയം വച്ചുള്ള ഈ ഓട്ടത്തിന് പിന്നിൽ ജോലി സംബന്ധമായ സമ്മർദ്ദമാണെന്നാണ് റൈഡർമാർ പറയുന്നത്. ഡെലിവറികളുടെ എണ്ണത്തിനനുസരിച്ച് ലഭിക്കുന്ന കമ്മീഷനാണ് ഇവരുടെ വരുമാന മാർഗ്ഗം. 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന അതിവേഗ സേവനങ്ങൾ ഡെലിവറി കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് മുതൽ പത്ത് മിനിറ്റിനുള്ളിൽ ഓർഡറുകൾ എത്തിക്കുന്നവർക്ക് നൽകുന്ന അധിക വരുമാനം റൈഡർമാരെ അമിതവേഗതയിലേക്ക് നയിക്കുന്നു.

ഡെലിവറി റൈഡർമാരുടെ പെരുമാറ്റം റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.