Home » Blog » Kerala » റോഡിലെ പുലിയാകാൻ പുത്തൻ സ്കോഡ കൊഡിയാക്; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി രണ്ടാം തലമുറ എത്തി.
Skoda-Kodiaq-680x450

സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്‌യുവിയായ കൊഡിയാക്കിന്റെ 2026 പതിപ്പ് വിപണിയിലിറക്കി. കാഴ്ചയിലും എൻജിൻ കരുത്തിലും മാറ്റങ്ങളില്ലെങ്കിലും, നൂതന സുരക്ഷാ സംവിധാനങ്ങളും കൂടുതൽ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ എത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സ്പോർട്‌ലൈൻ, സെലക്ഷൻ എൽ ആൻഡ് കെ എന്നീ ഉയർന്ന വേരിയന്റുകളിൽ എഡിഎഎസ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് അസിസ്റ്റ് തുടങ്ങി ഡ്രൈവർക്കും യാത്രക്കാർക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പത്തോളം ഫീച്ചറുകൾ ഇപ്പോൾ ഈ എസ്‌യുവിയുടെ ഭാഗമാണ്.

 

ലോഞ്ച്, സ്പോർട്‌ലൈൻ, സെലക്ഷൻ എൽ ആൻഡ് കെ എന്നീ മൂന്ന് വകഭേദങ്ങളിൽ തന്നെ പുതിയ കൊഡിയാക്കും ലഭ്യമാകും. മുൻപ് ടോപ്പ് മോഡലിൽ മാത്രം ലഭ്യമായിരുന്ന 360-ഡിഗ്രി ക്യാമറ, ഇലുമിനേറ്റഡ് എൽഇഡി ഗ്രിൽ സ്ട്രിപ്പ് തുടങ്ങിയ പ്രീമിയം സവിശേഷതകൾ ഇപ്പോൾ സ്പോർട്‌ലൈൻ പതിപ്പിലും ലഭ്യമാണ്. മെക്കാനിക്കൽ വശത്ത് മാറ്റങ്ങളില്ലാത്തതിനാൽ, 204 എച്ച്പി കരുത്തുള്ള പഴയ 2.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനും 7-സ്പീഡ് ഡിസിടി ഗിയർബോക്സും തന്നെയാണ് വാഹനത്തിന് കരുത്തേകുന്നത്. നിലവിലുള്ള കളർ ഓപ്ഷനുകളിൽ മാറ്റം വരുത്തിയ സ്കോഡ, റേസ് ബ്ലൂ നിറം കൂടുതൽ വേരിയന്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സുരക്ഷാ ക്രമീകരണങ്ങളോടെ എത്തുന്ന സ്കോഡ കൊഡിയാക് പ്രീമിയം എസ്‌യുവി വിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.