കൊച്ചി: സംസ്ഥാനം ഇപ്പോൾ ലോകകപ്പ് ഫുട്ബോൾ ലഹരിയിലാണ്. കളി കാണുന്നതിനിടെ വൈദ്യുതി മുടങ്ങിയാലോ? എവിടെ വൈദ്യുതി ഇല്ലെങ്കിലും കെഎസ്ഇബി ഓഫിസിൽ ഉണ്ടാകാതിരിക്കില്ലല്ലോ? പിന്നെ ഒന്നും ആലോചിച്ചില്ല, മത്സരത്തിനിടെ വൈദ്യുതി നിലച്ചതോടെ കെഎസ്ഇബി ഓഫീസിലെത്തി അവിടെയിരുന്ന് കളി കണ്ടു; കണ്ട് യുവാക്കളുടെ പ്രതിഷേധം. ബുധനാഴ്ച എറണാകുളം കാഞ്ഞൂർ പുതിയേടം കെഎസ്ഇബി ഓഫീസിലായിരുന്നു ഈ കൗതുകകരമായ പ്രതിഷേധം നടന്നത്.
ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കിക്കൊണ്ടാണ് വൈദ്യുതി മുടക്കം എത്തിയത്. പോർച്ചുഗൽ- കോംഗോ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതോടെ യുവാക്കൾ മൊബൈൽ ഫോണുമായി കെഎസ്ഇബി ഓഫീസിലേക്ക് എത്തുകയായിരുന്നു. പിന്നീട് അവിടെ ഇരുന്നാണ് കളി കണ്ടത്. വീണ്ടും വൈദ്യുതി മുടങ്ങിയാൽ സമാന പ്രതിഷേധം തുടരുമെന്നും യുവാക്കൾ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ 12 മണിക്കിടയിൽ വിവിധ സമയങ്ങളിലായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. വൈദ്യൂതി ലഭ്യതയിൽ വൻ കുറവ് വന്നതിനാലാണ് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
