Home » Blog » Kerala » “റെയിൽ‌വേ സ്റ്റേഷനിൽ സ്റ്റീൽ ബെ‍ഞ്ചിൽ‌ ട്രെയിൻ കാത്തിരിക്കുന്ന പിണറായി’; കസേരയില്ല, ചുറ്റും പൊലീസ് കൂട്ടമില്ല” ; സമൂഹമാധ്യമത്തിൽ ട്രോളും കമന്റും നിറയുന്നു
27

കണ്ണൂർ: റെയിൽ‌വേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ പിണറായി വിജയൻ‌ ഇരിക്കുന്നു. അരികെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷുണ്ട്. കൂടെ വലിയ ബാഗുമായി യുവാവും ഇരിക്കുന്നുണ്ട്. ഏതാനും പൊലീസുകാർ അൽപം മാറി നിൽക്കുന്നുമുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹ മാധ്യമത്തിൽ വൈറലാണ്. കമന്റുകൾ പല തരത്തിലും.

നേരത്തേ ഇതല്ലായിരുന്നു സ്ഥിതി. മുഖ്യമന്ത്രിയായിരുന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ പിണറായി വിജയനുവേണ്ടി പ്രത്യേകം കസേര ഇട്ടു നൽകിയിരുന്നു. പൊലീസ് ഉൾപ്പെടെ വലിയ സംഘം അദ്ദേഹത്തിന്റെ ചുറ്റുമുണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ലാതെയാണ് റെയിൽവേ സ്റ്റേഷനിലെ സാധാരണ ബെഞ്ചിൽ പിണറായി വിജയൻ ട്രെയിൻ കാത്തിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിൽ പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ ചിത്രത്തിൽ പുറകിൽ നിന്ന് ഒരാൾ ചിരിക്കുന്നതും കാണാം. മുമ്പായിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കാൻ പോലും ഭയക്കണമായിരുന്നുവെന്നും അഭിപ്രായമുണ്ട്.

കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തുമാണ് ചിത്രത്തിൽ കാണുന്നതെന്നാണ് ബിജെപി വക്താവ് റെജി ലൂക്കോസ് പറഞ്ഞത്. ‘എന്തൊരു മാറ്റമാണ്’ എന്ന കുറിപ്പുമായാണ് ചിലർ ചിത്രം പങ്കുവച്ചത്. ‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’, ‘ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടി’, രാജാവിൽ നിന്ന് സഖാവിലേക്ക് തുടങ്ങിയ കമന്റുകളാണ് നിറയുന്നത്. ‘ന്യൂയോർക്കിൽ തകരക്കസേരയിൽ ഇരിക്കുന്ന കാരണഭൂതന്റെ ചിത്രം ഓർമ്മിപ്പിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുള്ള പഴയ ചിത്രങ്ങൾ വച്ചുകൊണ്ടുള്ള ട്രോളും വ്യാപകമാണ്.