നികുതിദായകർക്ക് ആശ്വാസമേകി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുതിയ നിയമം പ്രഖ്യാപിച്ചു. ഇതുപ്രകാരം, ബെംഗളൂരുവിലെ ആദായനികുതി കമ്മീഷണർക്ക് (സെൻട്രലൈസ്ഡ് പ്രോസസ്സിംഗ് സെന്റർ – CPC) കൂടുതൽ അധികാരം ലഭിക്കും.
മറ്റ് ആദായ നികുതി ഓഫീസുകളുടെ അനുമതി ആവശ്യമില്ലാതെ തന്നെ നികുതി പ്രോസസ്സിംഗിലെ ചില പിഴവുകൾ, പ്രത്യേകിച്ച് റീഫണ്ട് സംബന്ധമായ തെറ്റുകൾ, വേഗത്തിൽ പരിഹരിക്കാൻ ഈ നിയമം CPC-യെ അനുവദിക്കുന്നു. ഈ പുതിയ നിയമം 2025 ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ വന്നു.
തെറ്റായ നികുതി/റീഫണ്ട് കണക്കുകൂട്ടൽ, മുൻകൂർ നികുതി അല്ലെങ്കിൽ TDS ക്രെഡിറ്റ് പരിഗണിക്കാതിരിക്കൽ, നികുതി ഇളവുകൾ നഷ്ടപ്പെട്ടത്, സെക്ഷൻ 244A പ്രകാരമുള്ള പലിശ കണക്കുകൂട്ടലിലെ പിശകുകൾ എന്നിവ തിരുത്താൻ ഇനി CPC ബെംഗളൂരുവിന് കഴിയും.
തിരുത്തലുകൾക്ക് ശേഷം അടയ്ക്കേണ്ട നികുതിയിലോ റീഫണ്ട് തുകയിലോ മാറ്റം വന്നാൽ, പുതിയ ഡിമാൻഡ് അല്ലെങ്കിൽ റീഫണ്ട് നോട്ടീസുകൾ സെക്ഷൻ 156 പ്രകാരം പുറപ്പെടുവിക്കാനും CPC-ക്ക് അധികാരമുണ്ട്. നികുതി ഓർഡറുകളിലെ പിഴവുകൾ വേഗത്തിൽ പരിഹരിക്കാനും റീഫണ്ട് നോട്ടീസുകൾ വേഗത്തിൽ നൽകാനും ഈ നടപടി സഹായിക്കും.
