ലക്കി ഭാസ്കർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യയുടെ 46-ാം ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. വമ്പൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജുവാണ് സൂര്യയുടെ നായികയായി എത്തുന്നത്. സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്. നിമിഷ് രവിയുടെ ഛായാഗ്രഹണവും നവീൻ നൂലിയുടെ എഡിറ്റിംഗും ചിത്രത്തിന് മാറ്റുകൂട്ടും. ഈ വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സൂര്യയുടെ ഈ ആക്ഷൻ ഡ്രാമയ്ക്കായി വലിയ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.
താൽക്കാലികമായി ‘സൂര്യ 46’ എന്ന് പേരിട്ടിരിക്കുന്ന വെങ്കി അറ്റ്‌ലൂരി ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ മെയ് 19-നാണ് നടന്നത്. ചിത്രീകരണത്തിന് മുന്നോടിയായി സൂര്യയും സംവിധായകനും പഴനി മുരുക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. കരിയറിൽ വലിയൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന സൂര്യയുടേതായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൃഷ നായികയാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ശിവദ, യോഗി ബാബു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഒടുവിൽ പുറത്തിറങ്ങിയ ‘റെട്രോ’, ‘കങ്കുവ’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിനാൽ, വരാനിരിക്കുന്ന ഈ രണ്ട് ചിത്രങ്ങളിലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
